പടന്നക്കാട്: വീടുകള്‍ക്കും കുടുബാംഗങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മൂന്നാള്‍ പൊക്കത്തില്‍ ഉയര്‍ന്നുനിന്ന മതില്‍ അര്‍ദ്ധരാത്രിയില്‍ തകര്‍ന്നു വീണു. പടന്നക്കാട് നെഹ്റു കോളേജിന് മുന്‍വശം മുന്‍ എന്‍ സി പി നേതാവ് രവി കുളങ്ങര തുടങ്ങിയ സണ്‍കെയര്‍ ഹോസ്പിറ്റലിന് പിറകുവശത്തെ മതിലാണ് ഇന്നലെ രാത്രി ഇടിഞ്ഞുവീണത്. നാലു വീടുകളിലേക്കുള്ള വഴി ഈ മതിലിനോട് ചേര്‍ന്നാണ്.
പകലാണ് സംഭവിച്ചതെങ്കില്‍ വലിയൊരു ദുരന്തത്തിനു തന്നെ വഴിവെക്കുമായിരുന്നു. മതില്‍ പൊളിച്ചു മാറ്റുകയോ ഉയരം കുറക്കുകയോ ചെയ്യണമെന്ന് പല തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരുവിധ പരിഹാരവും കണ്ടില്ല. അപകട ഭീഷണി ഉയര്‍ത്തി കൊണ്ട് ഏകദേശം മുപ്പത് മീറ്ററിലധികം മതില്‍ ഇനിയും ബാക്കിയുണ്ട്.
കൂറ്റന്‍ കെട്ടിടമായ ഹോസ്പിറ്റലിനും ഇപ്പോള്‍ ഭീഷണിയായിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരും കുടുംബാംഗങ്ങളും അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. പുഴയില്‍ നിന്നും നൂറ് മീറ്റര്‍ വിട്ടാണ് കെട്ടിടം നിര്‍മ്മിക്കേണ്ടത്. പുഴയും കെട്ടിടവും തമ്മിലുള്ള അകലം 39 മീറ്റര്‍ മാത്രമാണ്. ആശുപത്രി കെട്ടിടം പൊളി ച്ച് നീക്കണമെന്ന് നഗരസഭാ സെക്രട്ടറി കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമകള്‍ അതിന് തയ്യാറായില്ല. ഡോ.ഇബ്രാഹിംകുഞ്ഞിയുടെ മൂന്ന് പെണ്‍മക്കളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.