എന്‍ഡിപിഎസ് ആക്ട് പ്രകാരം ജില്ലയിലെ ആദ്യത്തെ അറസ്ററ് മഞ്ചേശ്വരത്ത്

കാസര്‍കോട്: 'പിറ്റ്'എന്‍ഡിപിഎസ് ആക്ട് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് എന്‍ഡിപിഎസ്) ആക്ട് പ്രകാരം കാസര്‍കോട് ജില്ലയിലെ ആദ്യത്തെ അറസ്റ്റ് മഞ്ചേശ്വരത്ത്. മഞ്ചേശ്വരം ബഡാജെയിലെ സൂരജ്റായിയെയാണ് (27) ഇന്‍സ്പെക്ടര്‍ ഇ.അനൂബ് കുമാര്‍, എസ്.ഐ കെ.നാരായണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാനായി സൂരജിനെ തിരുവനന്തപുരം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരെ മഞ്ചേശ്വരത്ത് രണ്ടു ലഹരി കേസുകളും ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണുള്ളത്. തുടര്‍ച്ചയായി ലഹരി കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെയാണ് പുതിയ നിയമപ്രകാരം നടപടിയെടുക്കുക. ഇത്തരത്തില്‍ അറസ്റ്റിലാകുന്നവരെ എല്ലാം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രമാണ് പാര്‍പ്പിക്കുകയെന്നതും പുതിയ നിയമത്തിന്‍റെ പ്രത്യേകതയാണ്.