മദ്യനയം അടുത്തമാസം; ഡ്രൈ ഡേ നിലനിര്‍ത്തും

തിരുവനന്തപുരം: സര്‍ക്കാരിന്‍െറ പുതിയ മദ്യനയം അടുത്ത മാസത്തില്‍ പുറത്തിറക്കും. മദ്യനയത്തിന്‍െറ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് കടന്നു. സിപിഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. ഓഗസ്റ്റില്‍ മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിന്‍റെ ലക്ഷ്യം.

പുതിയ മദ്യനയത്തില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിര്‍ത്തും. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കില്ല. ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും. മുന്‍വര്‍ഷത്തെ നയത്തില്‍ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.

ബാര്‍ നടത്തിപ്പുകാരുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിലൊന്നാണ് ഡ്രൈ ഡേ പിന്‍വലിച്ച് എല്ലാ ദിവസവും മദ്യം ലഭ്യമാക്കുക എന്നത്. എന്നാല്‍ അങ്ങനെയൊരു കാര്യം അടുത്ത കാലം വരെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ആലോചിച്ചതേയില്ല. എന്നാലിപ്പോള്‍ ആ അവസരം ബാര്‍ മുതലാളിമാര്‍ക്ക് വന്ന് ചേര്‍ന്നിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കാനുള്ള വിശദമായ ചര്‍ച്ച നടന്നു. മാര്‍ച്ച് മൂന്നിന് രാവിലെ 10.30-ന് സെക്രട്ടറിയേറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ മീറ്റിംഗ് മിനുട്സില്‍ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ഭാഗമുണ്ട്.

സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇല്ല എന്നതിനപ്പുറം ടൂറിസം, ദേശീയ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാവുന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഉദാഹരണത്തിന്, ഒന്നാം തീയതി ഉള്‍പ്പെടുന്ന ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ നടത്താന്‍ ഡ്രൈ ഡേ ആചരിക്കാത്ത ഒരു സംസ്ഥാനം തിരഞ്ഞടുത്തേക്കാം. ഇത് കേരളത്തിന് വരുമാനവും തൊഴിലവരസരങ്ങളും മറ്റും നഷ്ടപ്പെടുത്തുന്നു.