മുക്കുപണ്ടതട്ടിപ്പ് വ്യാപകം: കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ബാങ്കിന്‍റെ മെയിന്‍ ബ്രാഞ്ചില്‍ നിന്നും നാല് വളകള്‍ പണയപ്പെടുത്തി 69000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവില്‍ കെ.ബാബുവിനെതിരെയും മെയിന്‍ ബ്രാഞ്ചില്‍ നിന്ന് തന്നെ മൂന്ന് വളകള്‍ പണയപ്പെടുത്തി ഒരുലക്ഷത്തിപതിനേഴായിരം രൂപ തട്ടിയെടുത്ത ആറങ്ങാടി നിലാങ്കര വികെ ഹൗസില്‍ അഷ്റഫ് പഴയപാട്ടില്ലത്തിനെതിരെയും സെക്രട്ടറി എച്ച്.പ്രദീപ്കുമാര്‍ നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ബാങ്കിന്‍റെ ഹോസ്ദുര്‍ഗ് സായാഹ്ന ശാഖയില്‍ നാല് വളകള്‍ പണയപ്പെടുത്തി 2,77,700 രൂപ തട്ടിയെടുത്തതിന് ബ്രാഞ്ച് മാനേജര്‍ പുല്ലൂര്‍ മധുരക്കാട്ടെ പി.സിന്ധുവിന്‍റെയും ആറങ്ങാടി ബ്രാഞ്ചില്‍ നാല് വളകള്‍ പണയപ്പെടുത്തി 1,32,000 രൂപയും തട്ടിയെടുത്തതിന് മാനേജര്‍ എം.സുനിലിന്‍റെയും പരാതിയില്‍ ആറങ്ങാടി വടക്കന്‍വീട്ടില്‍ മുഹമ്മദ് റിയാസിനെതിരെയും ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നീലേശ്വരം: നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രധാനബ്രാഞ്ചില്‍ സ്വര്‍ണത്തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം തട്ടിയെടുത്തു. ബാങ്ക് അസി.സെക്രട്ടറി കെ.ആര്‍.രാകേഷിന്‍റെ പരാതിയില്‍ പാലത്തടം പുത്തരിയടുക്കത്തെ പി.രാജേഷിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ 12ന് 33. 266 ഗ്രാം തൂക്കമുള്ള 4 വളകള്‍ പണയപ്പെടുത്തിയാണ് 1,42,000 രൂപ കൈക്കലാക്കിയത്. സംശയം തോന്നി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണയപ്പെടുത്തിയെന്ന് പറയുന്ന സ്വര്‍ണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.