കണ്ണൂരിലെ കള്ളനോട്ടുകേസില്‍ പടന്ന സ്വദേശികള്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: കണ്ണൂരിലെ കള്ളനോട്ടു കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പടന്ന തെക്കേപ്പുറത്തെ ഈതാലയത്തില്‍ ഹാരിസ് (38), എടച്ചാക്കൈ മുബാറക്ക് വില്ലയിലെ ഫിറോസ് (57) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചന്തേര പോലീസിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ബാറില്‍ മദ്യപിച്ച ശേഷം കള്ളനോട്ടുകള്‍ നല്‍കിയ സംഭവത്തില്‍ പയ്യന്നൂര്‍, കണ്ടോത്ത് സ്വദേശിയും ചെറുവത്തൂരിലെ മെക്കാനിക്കുമായ ഷിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് കള്ളനോട്ട് കേസിന്‍റെ തുടക്കം. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പടന്നയിലെ ഡ്രൈവിംഗ് സ്ക്കൂള്‍ ഉടമയായ പാടിയോട്ടുചാലിലെ പി.പി.ശോഭയെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പടന്ന സ്വദേശികളെ കൂടി അറസ്റ്റു ചെയ്തത്. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

ബാറില്‍മദ്യപിക്കാനെത്തിയ ഷിജു 2562 രൂപ ബില്ലായതിനെ തുടര്‍ന്ന് അഞ്ച് അഞ്ഞൂറിന്‍റെ നോട്ടുകള്‍ നല്‍കുകയായിരുന്നു. 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എന്‍ 8326 24, 3 സി എന്‍ 83 2655 എന്നീ സീരിയലുകളിലുള്ള അഞ്ഞൂറിന്‍റെ നോട്ടുകള്‍ കള്ള നോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ് ബാര്‍ മാനേജര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയാണുണ്ടായത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വര്‍ക്ക്ഷോപ്പില്‍ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി ആദ്യം മൊഴി നല്‍കിയത്.