സജിത് ലാലിനെ മറന്നു , പയ്യന്നൂരില്‍ ഉണ്ണിത്താനെതിരെ കടുത്ത പ്രതിഷേധം

പയ്യന്നൂര്‍: രക്തസാക്ഷിയായ കെഎസ് യു നേതാവ് പയ്യന്നൂരിലെ സജിത് ലാലിനെ കോണ്‍ഗ്രസ് നേതൃത്വവും സ്ഥാനാര്‍ത്ഥിയും മറന്നതിനെതിരെ പയ്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം.

മൂന്നുതവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പയ്യന്നൂരിലെത്തിയിട്ടും മൂരിക്കൊവ്വലിലെ സജിത് ലാല്‍ മന്ദിരത്തേയും സ്മാരക സ്തൂപത്തേയും തിരിഞ്ഞുനോക്കാത്തതാണ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം പെരിയ കല്യോട്ട് രക്തസാക്ഷി സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. അതേസമയം സജിത്ത് ലാലിന്‍റെ രക്തസാക്ഷി മണ്ഡപം സന്ദര്‍ശിക്കുകയോ സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്താനോ മുതിരാതിരുന്നത് രക്തസാക്ഷി സജിത്ത്ലാലിനോടുള്ള അവഗണനയാണെന്ന് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

സ്ഥാനാര്‍ത്ഥിയായ ഉണ്ണിത്താന്‍ കൊല്ലംകാരനായതിനാല്‍ ഇക്കാര്യം അറിയില്ലായിരിക്കാമെങ്കിലും ഇത് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട പയ്യന്നൂരിലെ നേതാക്കള്‍ക്ക് ഗുരുതരമായ വീഴ്ചയാണ് പറ്റിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സജിത് ലാലിനെ മറന്നുകൊണ്ടുള്ള ഒരുപരിപാടിക്കും ഞങ്ങളെ കിട്ടില്ലെന്നുമാണ് തിരഞ്ഞെടുപ്പ പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.