ഓണ്‍ലൈന്‍ തട്ടിപ്പ്: യുവതി അറസ്റ്റില്‍

തൃക്കരിപ്പൂര്‍: മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിനെ (31) മുഹമ്മ പൊലീസ് പിടികൂടി . മുഹമ്മ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ കരിപ്പെവെളി സിറില്‍ ചന്ദ്രന്‍റെ പണമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതോടെ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു. ബാങ്കില്‍ നിന്നും 6 പേരാണ് അവരവരുടെ പേരില്‍ പണം പിന്‍വലിച്ചത്. ഗുജറാത്ത് സ്വദേശിയായ ഒരു സ്ത്രീ പിന്‍വലിച്ച 4 ലക്ഷം രൂപ ഇപ്പോള്‍ അറസ്റ്റിലായ ഫര്‍ഹത്ത് ഷിറിന്‍റെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുഹമ്മ എസ് എച്ച് ഒ കെ എസ് വിജയന്‍, എസ് ഐ മനോജ് കൃഷ്ണന്‍, എ എസ് ഐ സുമ, സി പി ഒ മാരായ രാംലാല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.