ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍ ആക്രമണ ഭീഷണികളെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന ത്രിതല ഡ്രോണ്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നു. 2025 മെയ് മാസത്തില്‍ നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിന് പിന്നാലെയാണ് രാജ്യത്തിന്‍റെ വ്യോമ സുരക്ഷാ മേഖലയില്‍ ഇത്തരമൊരു സുപ്രധാന മാറ്റത്തിന് വ്യോമസേന തുടക്കമിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഹ്രസ്വമെങ്കിലും തീവ്രമായ ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ പാകിസ്താനില്‍നിന്ന് വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണം ഇന്ത്യ നേരിട്ടിരുന്നു. അന്ന് ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഇവയെ വിജയകരമായി പ്രതിരോധിച്ചുവെങ്കിലും, ഭാവിയില്‍ ഇത്തരം ഡ്രോണ്‍ ഭീഷണികളെ കൂടുതല്‍ ആധുനികവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ നേരിടാന്‍ പ്രത്യേക പ്ലാറ്റ്ഫോമുകള്‍ ആവശ്യമാണെന്ന് വ്യോമസേന വിലയിരുത്തുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനമൊരുക്കുന്നത്.
ശത്രു ഡ്രോണുകളെ തനിയെ പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ ശേഷിയുള്ള 'ലോഞ്ച് ആന്‍ഡ് ഫോര്‍ഗെറ്റ്' ഇന്‍റര്‍സെപ്റ്റര്‍ ഡ്രോണുകളാണ് ഈ പദ്ധതിയുടെ കാതല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സെന്‍സറുകള്‍, ഓട്ടോമേറ്റഡ് ഗൈഡന്‍സ് അല്‍ഗോരിതങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ക്ക് മനുഷ്യസഹായം കൂടാതെ തന്നെ ശത്രുലക്ഷ്യങ്ങളെ കണ്ടെത്താനും തകര്‍ക്കാനും സാധിക്കും. ഇത് അതിവേഗത്തില്‍ നീങ്ങുന്ന ഡ്രോണ്‍ കൂട്ടങ്ങളെ നേരിടാന്‍ സൈന്യത്തെ സഹായിക്കും. വ്യത്യസ്ത ഉയരത്തിലും ദൂരത്തിലും എത്തുന്ന ശത്രു ഡ്രോണുകളെ തകര്‍ക്കാന്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഈ പ്രതിരോധ വലയം പ്രവര്‍ത്തിക്കുന്നത്. യുദ്ധമുഖത്തെ സൈനികര്‍ക്ക് കയ്യില്‍ കൊണ്ടുനടക്കാവുന്ന സംവിധാനമാണ് ആദ്യത്തെ തലം. 1,000 മീറ്റര്‍ ഉയരത്തിലും 5 കിലോ മീറ്റര്‍ ദൂരപരിധിയിലുമുള്ള ഡ്രോണുകളെ ഇവ ഉപയോഗിച്ച് നേരിടും. വാഹനങ്ങളില്‍ ഘടിപ്പിച്ച മൊബൈല്‍ സംവിധാനമാണ് രണ്ടാമത്തെ പ്രതിരോധ നിര. 5,000 മീറ്റര്‍ ഉയരത്തിലും 10 കിലോ മീറ്റര്‍ ദൂരത്തിലുമുള്ള ശത്രു ഡ്രോണുകളെ ഒരേസമയം ഒന്നിലധികം ഇന്‍റര്‍സെപ്റ്ററുകള്‍ ഉപയോഗിച്ച് ഇവ തകര്‍ക്കും. 7,000 മീറ്റര്‍ ഉയരത്തിലും 25 കിലോമീറ്റര്‍ ദൂരപരിധിയിലുമുള്ള ലക്ഷ്യങ്ങളെ നേരിടുന്നതാണ് മൂന്നാമത്തെ തലം. എല്ലാ ഇന്‍റര്‍സെപ്റ്ററുകളെയും ഏകോപിപ്പിക്കുന്ന ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഹബ്ബ് ആയും മൂന്നാമത്തെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കും.