മിസൈലാക്രമണത്തില്‍ അഖില്‍ജോയന്‍ മരിച്ചത് വിവാഹ ഒരുക്കങ്ങള്‍ക്കിടയില്‍

വെള്ളരിക്കുണ്ട്: യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലില്‍ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ പന്നിത്തടത്തെ അഖില്‍ജോയന് (26) ജീവന്‍ നഷ്ടമായത് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാനിരിക്കെ. വെള്ളരിക്കുണ്ട് പന്നിത്തടം എകെജി നഗറിലെ വലിയപ്ലാക്കല്‍ ജോയന്‍-സാലി ദമ്പതികളുടെ ഏക മകനാണ് അഖില്‍ ജോയന്‍. 19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്‍റ് നേവിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മുംബയ് ആസ്ഥാനമായ ഓഷന്‍ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്‍റെ ഉടമസ്ഥയിലുള്ള 'ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലില്‍ ആറുവര്‍ഷമായി ജോലി ചെയ്തുവരികയാണ്. മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാനുള്ള ശ്രമത്തിലായിരുന്നു അഖില്‍. ഈ കമ്പനിയിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി വിവാഹം കഴിഞ്ഞ് മറ്റൊരു കമ്പനിയില്‍ ജോലിക്ക് കയറുകയായിരുന്നു അഖിലിന്‍റെ ലക്ഷ്യം. ഇലക്ട്രിക്കല്‍ കട നടത്തുന്ന ജോയന്‍റെയും ഇന്‍ഷുറന്‍സ് ഏജന്‍റായ സാലിയുടെയും ഏക അത്താണിയായിരുന്നു അഖില്‍. മുമ്പ് ചെമ്പന്‍കുന്നിലായിരുന്നു താമസം. വിവാഹ നിശ്ചയത്തിനായി മൂന്ന് മാസം മുമ്പാണ് അഖില്‍ നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ് വധു. രണ്ടുമാസത്തിനുശേഷമാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയച്ചടങ്ങുകള്‍ക്കുശേഷം പിറ്റേമാസംതന്നെ അഖില്‍ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു. അഖില്‍ വടംവലിയില്‍ ലോക റെക്കാഡ് നേടിയിട്ടുണ്ട്. 2023ലാണ് റെക്കാര്‍ഡ് ലഭിച്ചത്. സ്കൂള്‍ പഠനകാലം മുതല്‍ മികച്ച വടംവലി താരമായിരുന്നു. റഷ്യന്‍ മിസൈലാക്രമണത്തില്‍ മലയാളിയുള്‍പ്പെടെ നാല് ഇന്ത്യക്കാരടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഗുര്‍പ്രീത് സിംഗ് ഭട്ട്, ജഗന്‍ സിംഗ്, അഭിഷേക് നിഷാദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാര്‍. സിറിയന്‍ പൗരന്മാരും യുക്രെയിന്‍ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവര്‍. ഇന്ത്യക്കാരനായ സെബാസ്റ്റ്യന്‍ ബ്ളെസനുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. 18 പേരാണ് കപ്പലിലുണ്ടായിരുന്നത്.