നിരന്തരം പരോള്‍: പെരിയ രക്തസാക്ഷികളുടെ രക്ഷിതാക്കള്‍ കോടതിയിലേക്ക്

പെരിയ: പെരിയ കല്യോട്ട് ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റെയും കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രതികള്‍ക്ക് നിരന്തരമായി പരോള്‍ ലഭിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു. പെരിയയിലെ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് കഴിഞ്ഞദിവസം വീണ്ടും പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. രണ്ടരമാസം മുമ്പും രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. രണ്ടര മാസ ഇടവേളയില്‍ പരോള്‍ എന്നത് സ്വാഭാവിക നടപടി ആണെന്നാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.തുടര്‍ച്ചയായി പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതിനെതിരെ കൃപേഷിന്‍റെയും ശരത്ത്ലാലിന്‍റെയും കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യമോ നീതിയോ നോക്കാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് ശരത്ലാലിന്‍റെ അച്ഛന്‍ വിമര്‍ശിച്ചു. ജയിലിലും സിപിഎം ബന്ധമുളള പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷ വിധിച്ചിട്ടും പ്രതികള്‍ എപ്പോഴും പുറത്താണെന്ന് കൃപേഷിന്‍റെ അച്ഛന്‍ പ്രതികരിച്ചു. ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് കൊല നടത്തിയത് എന്നതിനാല്‍ പ്രതികള്‍ നേതാക്കളുടെ പേര് പറയുമോ എന്ന് അവര്‍ ഭയപ്പെടുന്നുണ്ട്. തുടര്‍ച്ചയായുള്ള പരോള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ഇരുവരും പറഞ്ഞു. പെരിയ ഇരട്ടകൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ നിലവില്‍ പരോളിലാണ്. സിപിഎം മുന്‍ എം എല്‍എ കെ.വി.കുഞ്ഞിരാമന്‍, മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് കോടതി ശിക്ഷിച്ചത്.