സജീഷിന്‍റെ കുടുംബത്തിന് കാവലായി, കരുതലായി കേരളാ പോലീസ്

നീലേശ്വരം : പിതാവിന്‍റെ വേര്‍പാടില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ആറാം ക്ലാസുകാരി ഉള്ളിലെ സങ്കടങ്ങള്‍ എല്ലാം ഒരു പൊട്ടിക്കരച്ചിലായി പുറത്തുവന്നപ്പോള്‍ എല്ലാവരും പകച്ചു പോയ ആ നിമിഷത്തില്‍ ഒരു മുത്തച്ഛന്‍റെ കരുതലും വാത്സല്യത്തോടെയും കൂടി ആ മകളെ ചേര്‍ത്തു പിടിച്ച് സംസ്ഥാന പോലീസ് മേധാവി. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് വെളുപ്പിന് വാഹന അപകടത്തില്‍ മരണപ്പെട്ട ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ അംഗം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ കെ സജീഷിന്‍റെ വീട് നിര്‍മ്മാണത്തിനായി പോലീസ് സഹകരണ സംഘത്തില്‍ നിന്നും എടുത്ത വായ്പ എഴുതിതള്ളി ആധാരം കുടുംബത്തിന് തിരിച്ചുകൊടുക്കുന്ന ചടങ്ങിലാണ് ഏവരുടെയും ഹൃദയം നുറുങ്ങുന്ന രംഗങ്ങള്‍ക്ക് വേദിയായത്. നീലേശ്വരം പോലീസ് കോര്‍ട്ടേഴ്സില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ സജീഷിന്‍റെ ഭാര്യ ഷൈനി, മക്കളായ ദിയ, ദേവ്ജിത്ത് എന്നിവര്‍ക്ക് ആധാരം കൈമാറി. നഷ്ടപ്പെട്ടതിന് ഇതൊന്നും പരിഹാരം ആവില്ലെങ്കിലും കേരള പോലീസും സംസ്ഥാന സര്‍ക്കാറും എന്നും ഒപ്പം ഉണ്ടാവുമെന്നും ഡിജിപി കുടുംബത്തെ അറിയിച്ചു. എന്നും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് ഇവരൊന്നും ഡിജിപി പറഞ്ഞു.ഭാര്യക്ക് സര്‍ക്കാര്‍ ജോലിനല്‍കും. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. നീലേശ്വരം ബ്ലോക്ക് ഓഫീസ് പട്ടേന റോഡില്‍ സജീഷ് നിര്‍മ്മിച്ച വീടിന്‍റെ പണി ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് സജീഷിന്‍റെ ആകസ്മികമായ വേര്‍പാട് ഉണ്ടായത്. 28 ലക്ഷം രൂപയാണ് സൊസൈറ്റിയില്‍ നിന്നും വായ്പ്പെടുത്തിരുന്നത് അതില്‍ ബാക്കി ഉണ്ടായ 24, 41,522 രൂപയാണ് സൊസൈറ്റി ഏറ്റെടുത്ത് ആധാരം കുടുംബത്തിന് തിരിച്ചേല്‍പ്പിച്ചത്. ചടങ്ങില്‍ കേരള പോലീസ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ അധ്യക്ഷനായി.ഉത്തര മേഖല ഐജി രാജ് പാല്‍ മീണ,കണ്ണൂര്‍ റെയിഞ്ച് ഡീ ഐ ജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡി, സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ വി പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.