കാസര്‍കോട്: പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട് പരിക്കേറ്റ് ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ സംഘം അത്യാഹിത വിഭാഗത്തിലും ഏറ്റുമുട്ടി. ഇരുസംഭവങ്ങളിലുമായി 22 ഓളം പേര്‍ക്കെതിരെ മേല്‍പ്പറമ്പ, കാസര്‍കോട് പോലീസ് കേസെടുത്തു. ഇതില്‍ എട്ടുപേരെ അറസ്റ്റുചെയ്തു. മാങ്ങാട് ബാര പട്ടത്തൊടി മുഹമ്മദിന്‍റെ മകന്‍ ഷബീര്‍ അലി (28), ചെമ്മനാട് കൂമനടുക്കം കാങ്കുഴി ശ്രീധരന്‍റെ മകന്‍ പി.ജഗദീഷ് കുമാര്‍ (34) കീഴൂര്‍ പടിഞ്ഞാറിലെ കണ്ടത്തില്‍ ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അഹമ്മദ് ഷാനവാസ് (28), ചെമ്മനാട് കൂമനടുക്കം കാങ്കുഴി ശ്രീധരന്‍റെ മകന്‍ സി കെ. അജേഷ് (27), കീഴൂര്‍ കെ എം മൂസയുടെ മകന്‍ കുഞ്ഞഹമ്മദ് (34) കീഴൂര്‍ കടപ്പുറത്തെ സത്താറിന് മകന്‍ അബ്ദുല്‍ ഷഫീര്‍ (31) അബ്ദുറഹ്മാന്‍ മകന്‍ മുഹമ്മദ് അഫ്നാന്‍ (19) കീഴൂരിലെ സത്താറിന്‍റെ മകന്‍ സൈദ് അഫ്രീദ് ( 27)എന്നിവരെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിന് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ കീഴൂര്‍ പടിഞ്ഞാറേ ജുമാമസ്ജിദിന് സമീപത്തുവെച്ചാണ് പതിനാലോളം പേര്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സതേടി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ അത്യാഹിത വിഭാഗത്തില്‍ വെച്ചും ഏറ്റുമുട്ടിയത്. ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഏറ്റുമുട്ടല്‍ നടത്തി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നതിന് അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് നിസാറിന്‍റെ പരാതിയിലാണ് എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തത്. കീഴൂരിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കുഞ്ഞഹമ്മദ്(33), ഷാനവാസ് എന്ന ഷാന്‍(28), ഷബീര്‍(31) ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കുമെതിരെ മേല്‍പ്പറമ്പ പോലീസ് കേസെടുത്തിട്ടുണ്ട്.
പൊതുസ്ഥലത്തും ആശുപത്രിയിലും ഏറ്റുമുട്ടല്‍: എട്ടുപേര്‍ അറസ്ററില്‍