കുടുംബശ്രീ ഉന്നത ഉദ്യോഗസ്ഥനെതിരെ വ്യാപക പരാതി

കാഞ്ഞങ്ങാട്: കുടുംബശ്രീയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങളുമായി ഭരണാനുകൂലികള്‍ തന്നെ രംഗത്തുവന്നു. കുടുംബശ്രീയില്‍ ഉന്നത ഉദ്യോഗസ്ഥനായി തുടരാന്‍ പോലും ഇദ്ദേഹത്തിന് യോഗ്യതയില്ലെന്നാണ് ആരോപണം. സ്ത്രീമുന്നേറ്റം, സ്വയംപര്യാപ്തത എന്നിവക്ക് ഊന്നല്‍ നല്‍കാതെ പേരിന് പരിപാടികള്‍ സംഘടിപ്പിച്ച് പ്രതിദിനം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും വരുത്തുക മാത്രമാണ് ഇദ്ദേഹം ചെയ്യുന്നതെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അവാര്‍ഡ് വാങ്ങാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്‍റെ വാഹനത്തില്‍ യാത്രചെയ്ത് യാത്രാബത്ത എഴുതിയെടുക്കുകയും കുടുംബശ്രീയുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരില്‍ അഡ്മിന്‍ പോസ്റ്റിലൂടെ സ്മാര്‍ട്ട്ഫോണും ലാപ്ടോപ്പും കൈക്കലാക്കുകയും ചെയ്തതായും ആരോപണമുണ്ട്. ഇതിനേക്കാള്‍ ഏറെ കാഞ്ഞങ്ങാട്ട് നടന്ന കുടുംബശ്രീയുടെ പരിപാടിയില്‍ ഇയാള്‍ മദ്യപിച്ചെത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പരിപാടിയുടെ വീഡിയോ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിന് പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഇക്കിളിപ്പെടുത്തുന്ന മൊബൈല്‍സന്ദേശങ്ങള്‍ അയക്കുകയും പതിവാണത്രെ.

ചിലരോട് മോശമായ രീതിയില്‍ ഫോണില്‍ സംസാരിക്കുന്നതായും ആക്ഷേപമുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഈ ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നുവന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലത്രെ. ഇത് കുടുംബശ്രീ പ്രവര്‍ത്തകരിലും ഉദ്യോഗസ്ഥരിലും കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ കയ്യിലുണ്ട്. വേണ്ടിവന്നാല്‍ ഇത് പരസ്യപ്പെടുത്തുവാനും ഇവര്‍ തയ്യാറെടുക്കുന്നുണ്ട്.

ബേക്കല്‍ ഫെസ്റ്റുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തിനെതിരെ പരാതി ഉണ്ടായിരുന്നു. ഒന്നാം ഫെസ്റ്റില്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് തരികിട നടത്താന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ടിക്കറ്റ് വിറ്റാല്‍ കമ്മീഷന്‍ കയ്യോടെ നല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയതെങ്കിലും ഇത് നല്‍കാന്‍ തയ്യാറായിരുന്നില്ലത്രെ. പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ടപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കമ്മീഷന്‍ നല്‍കിയതത്രെ.