കെണിയില്‍ കുരുങ്ങി ചത്തത് നാലു വയസുള്ള പെണ്‍പുലി

കാസര്‍കോട്: അഡൂര്‍, പാണ്ടി, മല്ലംപാറയില്‍ പന്നിക്കുവച്ച കെണിയില്‍ കുരുങ്ങി ചത്തത് നാലു വയസ്സുള്ള പെണ്‍പുലി. പാണ്ടിയിലുള്ള വനംവകുപ്പ് ഓഫീസ് പരിസരത്തു ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡി.എഫ്.ഒ കെ. അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പുലിയുടെ ജഡം പിന്നീട് പാണ്ടി വനത്തില്‍ ദഹിപ്പിച്ചു. പുലിയുടെ ഒരു കണ്ണിനു വെള്ളെഴുത്ത് എന്ന അസുഖം ഉള്ളതായും ഇത് കാഴ്ചയെ കാര്യമായി ബാധിച്ചിരിക്കാമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പുലി ചാവാന്‍ ഇടയായ കാരണം എന്താണെന്നു അറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നു ഡി.എഫ്.ഒ പറഞ്ഞു. ഇന്നലെ രാവിലെയാണ് മല്ലംപാറയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന്റെ അതിരിനോടു ചേര്‍ന്നുള്ള വേലിയില്‍ പുലിയെ കുരുക്കില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ ചത്തു. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.