ബോവിക്കാനം സ്കൂളില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം വര്‍ദ്ധിച്ചു

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്കൂളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. 200 ല്‍പ്പരം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു. കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍പെന്‍സിലുകളും നശിപ്പിച്ചു. ഇന്ന് രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് അതിക്രമവിവരം അധികൃതര്‍ അറിഞ്ഞത്. പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയിലാണ് അതിക്രമം നടന്നത്. വാതില്‍ പുറത്ത് നിന്നു പൂട്ടിയിരുന്നു. പുറത്ത് നിന്ന് ജനല്‍ വഴി അകത്തേക്ക് തീ കത്തിച്ചിടുകയായിരുന്നെന്ന് സംശയിക്കുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ ബെഞ്ചുകളുടെ കാലുകളും കത്തി നശിച്ചു. മുമ്പും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്‍റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. പോലീസില്‍ പരാതി നല്‍കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.