മുള്ളേരിയ പള്ളി വികാരി ഷോക്കേററ് മരിച്ചു

കാസര്‍കോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളിവികാരി ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ സെന്‍റ് ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച് വികാരി ഫാ.മാത്യു കുടിലിലാണ് (ഷിന്‍സ് 29) ഇന്നലെ വൈകീട്ട് ദേശീയപതാക അഴിക്കാന്‍ പോസ്റ്റ് താഴ്ത്തുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍ പോസ്റ്റ് തട്ടി ഷോക്കേറ്റ് മരണപ്പെട്ടത്.

കൊടിമരത്തിന്‍റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിന്‍ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഷോക്കേറ്റ ഉടന്‍ ഫാ.മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലശേരി അതിരൂപതാംഗമാണ്. 2010 ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. ദേലമ്പാടി പള്ളി ഇടവകയുടെ ചുമതലയും ഫാ. ഷിന്‍സിനായിരുന്നു.

ഫാ.മാത്യു കുടിലിലിന്‍റെ സംസ്കാരം നാളെ നടക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ രാവിലെ 7 മണിക്ക് ഇരിട്ടി എടൂരുള്ള സ്വഭവനത്തില്‍ എത്തിക്കും. എട്ട് മുതല്‍ എടൂര്‍ സെന്‍റ് തോമസ് ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം 10 മണിക്കാണ് സംസ്കാരം. 2020 ഡിസംബര്‍ 28 ന് മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയില്‍ , ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടക പുത്തൂര്‍ സെ ന്‍റ് ഫിലോമിന കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ് ഫാ.മാത്യു. എടൂരിലെ കുടിലില്‍ പരേതനായ ബാബുവിന്‍റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ലിന്‍റോ അഗസ്റ്റിന്‍, ബിന്‍റോ അഗസ്റ്റിന്‍.