നീലേശ്വരം വെടിക്കെട്ട് അപകടം: ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് വാറണ്ട്

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കീഴ്ക്കോടതി ജാമ്യം നല്‍കിയവര്‍ക്കായി വാറണ്ട് പുറപ്പെടുവിക്കാന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

ക്ഷേത്രം പ്രസിഡന്‍റ് പടന്നക്കാട്ടെ പി.കെ.ചന്ദ്രശേഖരന്‍, സെക്രട്ടറി മന്നംപുറത്തെ കെ.ടി.ഭരതന്‍ എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ ശേഷമാണ് ജില്ലാ സെഷന്‍സ് കോടതി കീഴ്ക്കോടതിയോട് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അറസ്റ്റിലായ ക്ഷേത്ര ഭാരവാഹികള്‍ക്കും പടക്കത്തിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷിനുമാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ജാമ്യത്തിലിറങ്ങി. ജാമ്യത്തിലെടുക്കാന്‍ ആരുമെത്താത്തതിനാല്‍ പള്ളിക്കര രാജേഷ് ജയിലില്‍ തന്നെ തുടര്‍ന്നു. പിന്നീട് രാജേഷിനെ ജയിലില്‍ നിന്ന് പുറത്തിറക്കരുതെന്ന് ഉത്തരവിട്ട കോടതി ജാമ്യത്തിലിറങ്ങിയവരോട് കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസയച്ചു. ഇന്നലെ ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ്വാറണ്ട് പുറപ്പെടുവിക്കാന്‍ ജില്ലാ കോടതി കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊട്രച്ചാലിലെ വിജയനും ജയിലിലാണ്. മറ്റ് പ്രതികളായ 5 പേര്‍ ഇപ്പോഴും ഒളിവിലാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

2024 ഒക്ടോബര്‍ 28ന് അര്‍ധരാത്രിയായിരുന്നു നീലേശ്വരം വെടിക്കെട്ട് അപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതില്‍ നിന്നും തീപ്പൊരി പടക്കംസൂക്ഷിച്ച ഷെഡിലേക്ക് വീണു. അവിടെ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. പടക്കം പൊട്ടിച്ച സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. ക്ഷേത്രത്തില്‍ വളരെ കുറഞ്ഞ സ്ഥലം മാത്രമാണ് ഉള്ളത്. അവിടെ തന്നെയാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതിന്‍റെ അടുത്ത് തന്നെയാണ് പടക്കത്തിന് തീകൊളുത്തിയതും. വളരെ കുറഞ്ഞ സ്ഥലത്താണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. വളരെ അലക്ഷ്യമായി ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ഇവിടെ കടിയിരുന്നു. തെയ്യം കാണാന്‍ വേണ്ടിയാണ് ഇത്രയും പേര്‍ രാത്രിയില്‍ ഇവിടെ എത്തിയത്. അപകടത്തില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.