വായ്പാ വാഗ്ദാനം: ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: സോഷ്യല്‍ മീഡിയ വഴി ലോണ്‍ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കാഞ്ഞങ്ങാട് സ്വദേശിയെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മന്‍സിലില്‍ മുഹമ്മദ് ഹനീഫിനെയാണ് (20) മട്ടന്നൂര്‍ ഡിവൈഎസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ ആര്‍.എന്‍.പ്രശാന്തും സംഘവും കാഞ്ഞങ്ങാട് നിന്നും പിടികൂടിയത്. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നല്‍കി വാട്‌സ് ആപ്പ് സന്ദേശം നല്‍കി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂര്‍ വലിയപ്പറമ്പ പി.ആര്‍ നഗറിലെ പി.സതീശന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത വിരുതനെ പോലീസ് വലയിലാക്കിയത്.

ലോണ്‍ ആവശ്യമുള്ളവരോട് പ്രൊസസിംഗ് ഫീസായി ഒരു തുക അടക്കാന്‍ ആവശ്യപ്പെടും. പലതവണയായി വീണ്ടും പണം അടപ്പിക്കും. ആദ്യം കുറച്ച് പണം നഷ്ടപ്പെട്ടവര്‍ പിന്നീട് ഇവരുടെ വാഗ്ദാനം വിശ്വസിച്ച് തുകമുടക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് ഹനീഫ ഡല്‍ഹിയിലുള്ള ഒരു സ്ത്രീയുടെ പേരിലേക്ക് പണം അയക്കാനാണ് ആവശ്യപ്പെടുന്നത്. പിന്നീട് കാഞ്ഞങ്ങാട്ടെ ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. ഡല്‍ഹി പോലീസിന്റെ സ ഹായത്തോടെയാണ് തട്ടിപ്പിന്റെ കാഞ്ഞങ്ങാട്ടെ വേരുകള്‍ മട്ടന്നൂര്‍ പോലീസ് കണ്ടെത്തിയത്. ഈ അക്കൗണ്ടില്‍ പണം എത്തിയ ഉടന്‍ മെസേജ് വന്ന പ്രകാരം പ്രതി പണം കൈക്കലാക്കി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കബളിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ പ്രതി ഇത്തരത്തില്‍ 37 ലക്ഷം രൂപ കൈക്കലാക്കി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. വിവിധ ജില്ലകളില്‍ പ്രതി സമാനമായ രീതിയില്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഡി.വൈ.എസ്.പി കെ.വിവേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.