പഴയ ഡിഡിഎഫുകാര്‍ ട്വന്‍റി ട്വന്‍റിയുമായി കൈകോര്‍ക്കാനുള്ള സാധ്യത തെളിയുന്നു

ചിറ്റാരിക്കാല്‍: ഡിഡിഎഫ് പിരിച്ചുവിട്ട് കോണ്‍ഗ്രസിലെത്തുകയും ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസുകാര്‍ ഡിഡിഎഫുകാരെ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ കിഴക്കമ്പലം കേന്ദ്രമായുള്ള ട്വന്‍റി ട്വന്‍റി പാര്‍ട്ടിയുടെ പ്രതിനിധികള്‍ ജെയിംസ് പന്തമ്മാക്കലുമായി ബന്ധപ്പെട്ടതായി സൂചന.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പഴയ ഡിഡിഎഫുകാര്‍ നിലവില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുമായി തുല്ല്യഅകലം പാലിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പഴയ ഡിഡിഎഫിനെ ഉള്‍ക്കൊണ്ടിട്ടില്ലെങ്കിലും വോട്ട് യുഡിഎഫിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉണ്ണിത്താനും കൂട്ടരും. എന്നാല്‍ പഴയ ഡിഡിഎഫുകാരെ കോണ്‍ഗ്രസുകാര്‍ അടുപ്പിക്കാത്ത സാഹചര്യത്തില്‍ വോട്ട് എല്‍ഡിഎഫിന് വീഴുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. നിലവില്‍ സിപിഎം സഹായത്തോടെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് തുടരട്ടെയെന്നും സിപിഎം നിലപാട് സ്വീകരിച്ചുവെന്നാണ് കരുതുന്നത്. കലക്കവെള്ളത്തില്‍ ഇരുമുന്നണികളും മീന്‍പിടിക്കാന്‍ ഒരുങ്ങുന്നത് തിരിച്ചറിഞ്ഞ പഴയ ഡിഡിഎഫുകാര്‍ ട്വന്‍റി ട്വന്‍റിയുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കിറ്റക്സ് മുതലാളി സാബു എം ജേക്കബ്ബ് ട്വന്‍റി ട്വന്‍റി എന്ന പ്രസ്ഥാനം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാനും ഡല്‍ഹിയിലെ അരവിന്ദ കെജ്രിവാള്‍ മോഡലില്‍ അഴിമതി രഹിത പ്രസ്ഥാനമാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ്. ട്വന്‍റി ട്വന്‍റി പകുതിവിലക്കാണ് ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. അത് ചിറ്റാരിക്കാലിലും തുടര്‍ന്നാല്‍ ഡിഡിഎഫിനേക്കാള്‍ ശക്തമായ പ്രസ്ഥാനമായി ഈസ്റ്റ്എളേരിയില്‍ വേരുപിടിച്ചേക്കും. സിപിഎം സഹായത്തോടെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണം നടത്തുന്നതിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ജെയിംസ് പന്തമ്മാക്കല്‍ ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെക്കുകയാണുണ്ടായത്. പാര്‍ലമെന്‍റിലേക്ക് മത്സരിക്കാന്‍ പത്രികകൊടുക്കാന്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചനയിലാണ് ജെയിംസ് പന്തമ്മാക്കല്‍.