പരപ്പ : നാട്ടിലും പട്ടാളത്തിലുമായി നീണ്ട 40 വര്‍ഷത്തെ പോസ്റ്റല്‍ സേവനത്തിന്‍റെ അനുഭവ സമ്പത്തുമായി ചായ്യോത്തെ എം.വി.തമ്പാന്‍ മാര്‍ച്ച് 29 ന് പരപ്പ ഹെഡ് പോസ്റ്റാഫീസിന്‍റെ പടിയിറങ്ങും. 1986 ല്‍ വെള്ളരിക്കുണ്ട് ബ്രാഞ്ച് ഓഫീസില്‍ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡെലിവറി ഏജന്‍റായി ജോലി തുടങ്ങിയ തമ്പാന്‍ 1991 ഫെബ്രുവരിയില്‍ ആര്‍മി പോസ്റ്റ് ഓഫീസില്‍ ചേര്‍ന്നു. നാഗപൂരിലും തുടര്‍ന്ന് പഞ്ചാബ്, സിക്കിം, ഡല്‍ഹി, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലും ആര്‍മി പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലി ചെയ്തു. 2006ല്‍ ആര്‍മിയില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തി ജോലി തുടര്‍ന്നു. ചിറ്റാരിക്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ആനന്ദാശ്രമം തുടങ്ങിയ പോസ്റ്റാഫീസുകളില്‍ ക്ലരിക്കല്‍ തസ്തികയിലിരുന്നു ജോലി. തുടര്‍ന്ന് പോസ്റ്റ്മാഷായി പ്രമോഷനോടെ പരപ്പ, പടന്ന, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ എല്‍ എസ് ജി പോസ്റ്റുമാഷായി പരപ്പ ഹെഡ് പോസ്റ്റാഫീസില്‍ നിന്നും വിരമിക്കുകയാണ്.
പ്രിയപ്പെട്ടവരുടെ കത്തുകള്‍ക്കായി പോസ്റ്റാഫീസിന്‍റെ മുറ്റത്ത് ആളുകള്‍ കൂട്ടമായി നിന്നിരുന്ന കാലം. പോസ്റ്റല്‍ ജീവനക്കാരന്‍ വീട്ടുപേരുകള്‍ ഉറക്കെ വിളിച്ച് പറയുമ്പോള്‍ ഓടി വന്ന് കത്തുകള്‍ ഏറ്റുവാങ്ങുന്നവര്‍.. അകലെയുള്ള പ്രിയപ്പെട്ടവര്‍ അയക്കുന്ന മണിഓര്‍ഡര്‍ കൈപ്പറ്റുമ്പോള്‍ കണ്ണ് നനയുന്നവര്‍.. ഇമെയിലുകള്‍ ഇല്ലാത്ത കാലത്ത് ഇന്‍റര്‍വ്യൂ കാര്‍ഡുകള്‍ കൈമാറുമ്പോള്‍ പ്രതീക്ഷയുടെ പുഞ്ചിരികളും അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡര്‍ കിട്ടുമ്പോള്‍ അവരുടെ വിങ്ങിപ്പൊട്ടുന്ന സന്തോഷങ്ങളും തൊട്ടറിഞ്ഞവരാണ് ഓരോ പോസ്റ്റല്‍ ജീവനക്കാരനും. ഇന്‍ലന്‍റും, പോസ്റ്റ്കാര്‍ഡും, മണി ഓര്‍ഡറും, സ്റ്റാമ്പുകളും നിറഞ്ഞ് നിന്നിരുന്ന പഴയ കാലത്തെ തപ്പാലാപ്പീസ് അനുഭവങ്ങള്‍ക്കൊപ്പം ഡിജിറ്റലൈസായ പുതിയ കാലത്തെ മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പോസ്റ്റല്‍ ജീവനക്കാരനാണ് തമ്പാന്‍ മാഷ്. വെള്ളരിക്കുണ്ടിലെ പരേതനായ മുട്ടില്‍ കുഞ്ഞമ്പു- മുളവിനി കല്യാണി ദമ്പതികളുടെ മകനായ തമ്പാന്‍ ഇപ്പോള്‍ കുടുംബസമേതം ചായ്യോത്താണ് താമസം. ഭാര്യ ഷീജ.പി. മക്കള്‍: വൈഷ്ണ തമ്പാന്‍, അതുല്‍ കൃഷ്ണ. മരുമകന്‍ ഗോകുല്‍ രവി.