അവിശ്വാസപ്രമേയം പാസായി; കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് പുറത്ത്

കാഞ്ഞങ്ങാട്: പിടിച്ചുനില്‍ക്കാനുള്ള അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ഒടുവില്‍ വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സെബാസ്റ്റ്യന്‍ പതാലി പുറത്തായി.

ബാങ്കിലെ ആറ് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിടേണ്ട നടപടികളില്‍ പങ്കെടുക്കാതെ സെബാസ്റ്റ്യനും മറ്റ് മൂന്ന് ഭരണസമിതി അംഗങ്ങളും വിട്ടുനിന്നു. ഇതേതുടര്‍ന്ന് ഏകപക്ഷീയമായി അവിശ്വാസപ്രമേയം പാസായി. സെബാസ്റ്റ്യനും മറ്റ് മൂന്ന് ഭരണസമിതി അംഗങ്ങളും അവിശ്വാസപ്രമേയത്തെ നേരിടാന്‍ വരുന്നതും കാത്ത് ബാങ്കിന് മുറ്റത്തും പരിസരങ്ങളിലും ഒരുസംഘം ആളുകള്‍ നേരത്തെ തമ്പടിച്ചിരുന്നു. എന്നാല്‍ പതാലിയും മൂന്ന് ഡയറക്ടര്‍മാരും ബാങ്കിന്‍റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന ഭീമനടിയിലേക്ക് പോലും എത്തിയില്ല.

രണ്ട് ദിവസത്തിന് ശേഷം വൈസ് പ്രസിഡണ്ട് പി.മുരളിക്ക് പ്രസിഡണ്ടിന്‍റെ ചുമത ല നല്‍കും. ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടങ്ങള്‍ നിലവിലുള്ളതിനാല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് നാല് മാസം കാത്തിരിക്കണം. കെപിസിസി നേതാക്കളുടെയും ഡിസിസി നേതാക്കളുടേയും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ആറ് ഭരണസമിതി അംഗങ്ങളും പാറപോലെ ഉറച്ചുനിന്നതാണ് പതാലിക്ക് വിനയായത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാന്‍, ടി.സിദ്ധിഖ്, സോണി സെബാസ്റ്റ്യന്‍, കെ.സി.ജോസഫ് തുടങ്ങിയവരും ഡിസിസി നേതാക്കളും ഓഫറുകള്‍ കൊടുത്ത് ആറ് ഭരണസമിതി അംഗങ്ങളേയും അവിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നത് പിന്തിരിപ്പിക്കാന്‍ അവസാനനിമിഷവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമെന്ന് മുന്നില്‍കണ്ട് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രാവിലെ 7 മണിയോടെ ആറ് ഭരണസമിതി അംഗങ്ങളേയും അവരവരുടെ വീടുകളില്‍ പോയി കാറില്‍ കയറ്റിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണുണ്ടായത്. സമ്മര്‍ദ്ദം ഏറിവന്നതോടെ ഇന്ന് രാവിലെ വരെ മൂന്നിടങ്ങളില്‍ മാറിമാറി പാര്‍പ്പിച്ചശേഷമാണ് 10 മണിക്ക് എസ്കോര്‍ട്ട്, പൈലറ്റ് വാഹനങ്ങളടക്കം 9 വാഹനങ്ങളുടെ അകമ്പടിയോടെ ഭരണസമിതിയില്‍പ്പെട്ട ആറുപേരേയും ബാങ്കിലെത്തിച്ചത്. ഇവര്‍ എത്തുന്നതിന് മുമ്പേതന്നെ ബാങ്കിലും പരിസരത്തും യൂത്ത് കോണ്‍ഗ്രസുകാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷണവലയം സൃഷ്ടിച്ചിരുന്നു.

അവിശ്വാസപ്രമേയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കെ.പി.സി.സി സെക്രട്ടറി സോണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അഞ്ച് തവണ കാഞ്ഞങ്ങാട്ടേക്കും കരിന്തളത്തേക്കും ചര്‍ച്ചക്ക് വിളിപ്പിച്ചിരുന്നു. നാല് തവണയും അവിശ്വാസപ്രമേയ നോട്ടീസില്‍ ഒപ്പിട്ട ആറുപേരും ചര്‍ച്ചക്ക് പോയില്ല. ഏറ്റവും ഒടുവില്‍ അഞ്ചാംതവണ വ്യാഴാഴ്ച കരിന്തളത്ത് ഉമേശന്‍ വേളൂരിന്‍റെ വീട്ടിലേക്ക് വരണമെന്ന് ആറ് ഭരണസമിതി അംഗങ്ങളോടും ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ആവശ്യപ്പെട്ടു. അത് അവര്‍ അക്ഷരംപ്രതി അനുസരിച്ചു. എന്നാല്‍ യോഗം വിളിച്ച ഡിസിസി പ്രസിഡണ്ടോ മറ്റ് ഭാരവാഹികളോ കരിന്തളത്തെ ഉമേശന്‍റെ വീട്ടില്‍ എത്തിയില്ല. എത്തിയത് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍മാത്രം. കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലി ബാങ്കിലെ ജീവനക്കാരന്‍ പ്രദീപ്കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വ്യക്തമായ അഭിപ്രായമുള്ള നേതാവാണ് കരിമ്പില്‍ കൃഷ്ണന്‍. അതുകൊണ്ടുതന്നെ കൃഷ്ണന്‍ ബാങ്ക് ഭരണസമിതി അംഗങ്ങളില്‍ കാര്യമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയില്ലെന്നാണ് സൂചന. ബി.പി.പ്രദീപ്കുമാറിനോട് ബാങ്ക് പ്രസിഡണ്ട് കാണിച്ചത് അനീതിയാണെന്ന് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ പതാലി അനുഭവിക്കട്ടെ എന്ന നിലപാടിലായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസ് നേതാക്കളും. ഈസ്റ്റ് എളേരിയില്‍ പതാലിയുടെ അനുയായികളുടെ എണ്ണം നാലായി ചുരുങ്ങിയിട്ടുണ്ട്. ഇതോടെ ഇന്ന് ഭീമനടിയിലെ ബാങ്കിലേക്ക് പോകാന്‍ കൂട്ടിന് പോലും ആളുണ്ടായില്ല. അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യുന്ന ഭീമനടിയിലെ ബാങ്ക് പരിസരത്തേക്ക് ജില്ലയുടെ പലഭാഗത്തുനിന്നും രാവിലെ 9.30 മുതല്‍ യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും ഒഴുകിയെത്തി. 10 മണിയോടെ പോലീസും സ്ഥലത്തെത്തി. 10.20 നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ആറുപേരും എത്തിയത്. മൂന്നെണ്ണം ഒഴികെ ഡയറക്ടര്‍മാര്‍ സഞ്ചരിച്ച വാഹനവും എസ്കോര്‍ ട്ടും പൈലറ്റും കൊടുത്ത വാഹനങ്ങളും അകമ്പടിസേവിച്ച വാഹനങ്ങളും പുറത്തുനിന്നും എത്തിയവയായിരുന്നു.

പതാലിക്ക് പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെട്ടതോടെ ബാങ്കില്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരായ മൗവ്വേനിയിലെ രാജേഷ് തമ്പാന്‍, മൗക്കോട്ടെ ഡ്രൈവര്‍ ജോണിയുടെ മകന്‍ ബിജോ എന്നിവരില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു. ഇവരെ രണ്ടുപേരെയും ബാങ്കിലെ ഡ്രൈവര്‍ വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഡിസിസി പത്ത്മാസം മുമ്പ് പതാലിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും കാര്യമായി ഒന്നും കിട്ടില്ലെന്ന് മനസ്സിലാക്കി നിയമനം നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.