മംഗലാപുരം: ധര്‍മ്മസ്ഥലയില്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം ദിവസമായ ഇന്നും തെരച്ചില്‍ തുടങ്ങി. രാവിലെ 11 മണിയോടെയാണ് തെരച്ചില്‍ തുടങ്ങിയത്. നൂറ് കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. സായുധ പോലീസ് അടക്കം വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പരിശോധനകള്‍ നടക്കുന്നത്. ന്യൂസ് 18 ചാനല്‍ പ്രതിനിധി കാഞ്ഞങ്ങാട് സ്വദേശി കെ.വി.ബൈജുവാണ് ഞെട്ടലുളവാക്കുന്ന ധര്‍മ്മസ്ഥലയിലെ കൊലപാതക സംഭവങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ആദ്യദിനങ്ങളില്‍ ബൈജുവിന് നേരെ ഗുണ്ടകളുടെ വധഭീഷണി ഉയര്‍ന്നിരുന്നു. അതുവകവെക്കാതെ ബൈജു തന്‍റെ ദൗത്യം തുടര്‍ന്നു. പിന്നാലെ മറ്റ് വാര്‍ത്താമാധ്യമങ്ങളും ചാനലുകളും രംഗത്തുവരികയായിരുന്നു. നിലവില്‍ വിദേശചാനലുകളടക്കം സംഭവസ്ഥലത്ത് റിപ്പോര്‍ട്ടിങ്ങിനെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്‍റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാല്‍ ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാണ് ഇന്ന് കുഴിയെടുക്കാന്‍ കൊണ്ടുപോവുകയെന്നാണ് വിവരം. പുട്ടൂര്‍ റവന്യു അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ്ഐടി ഓഫീസിലെത്തിയിട്ടുണ്ട്. ഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തി. തൊട്ടടുത്ത ഇടങ്ങളിലെ തഹസില്‍ദാര്‍മാരെ അടക്കം വിളിച്ചുവരുത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നുണ്ട്. വരും ദിവസങ്ങളിലെ പരിശോധനകളില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഭവം വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളി. ദേശീയ മാധ്യമ പ്രതിനിധികള്‍ മാത്രമല്ല വിദേശത്തുനിന്നുമുള്ള ചില മാധ്യമപ്രവര്‍ത്തകരും സംഭവം നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.
ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും പരിശോധന തുടരുന്നു
