കൊടും വേനലിലും കിണര്‍ നിറഞ്ഞ് വെള്ളം ഒഴുകുന്നു

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പാക്കത്തിക്കാട് താമസിക്കുന്ന തോട്ടപ്പള്ളി ജോസഫിന്‍റെ കുഴല്‍ക്കിണര്‍ കടുത്ത വേനലിലും നിറഞ്ഞൊഴുകുന്നു. 7 വര്‍ഷം മുമ്പാണ് ജോസഫ് 200 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചത്. അന്ന് തുടങ്ങിയ ജലപ്രവാഹം ഇപ്പോഴും തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍ ഒട്ടേറെ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുകയും തോടുകളും കിണറുകളും വറ്റിവരളുകയും ചെയ്തതോടെ പുറത്തേക്കുള്ള ഒഴുക്കിന് ഇപ്പോള്‍ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് ജോസഫ് പറഞ്ഞു. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം സമീപത്ത് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കുളത്തിലേക്ക് ഒഴുകിയെത്തും. ഇവിടെ ജോസഫ് മത്സ്യംവളര്‍ത്തല്‍ കൃഷി തുടങ്ങി. ഇപ്പോള്‍ സ്വന്തം ആവശ്യത്തിനുള്ള മത്സ്യം ഇവിടെ നിന്നു ലഭിക്കുന്നുണ്ട്. കുഴല്‍ക്കിണറില്‍ നിന്നു വന്‍തോതില്‍ വെള്ളം എടുത്താല്‍, പുറത്തേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് കുറച്ചുസമയം തടസ്സപ്പെടും. പിന്നീട് വീണ്ടും പഴയപടി തന്നെയാകും.