നിടുമ്പയിലെ കവര്‍ച്ച: ദൃശ്യം സിസിടിവിയില്‍, അന്വേഷണ സംഘം നേപ്പാളിലേക്ക്

ചീമേനി: ചീമേനി നിടുമ്പയിലെ സിവില്‍ എന്‍ജിനീയര്‍ മുകേഷിന്‍റെ വീട് കുത്തി തുറന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും നാലു വെള്ളി പാത്രങ്ങളും കവര്‍ന്ന സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വീട്ടില്‍ ജോലിക്കായി എത്തിയ നേപ്പാള്‍ സ്വദേശികളായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു സ്ത്രീ അടക്കം നാലുപേരാണ് വീട്ടില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. ഇവര്‍ വീട്ടിലേക്ക് നടന്നുവരുന്നത് സിസിടിവി പരിശോധനയില്‍ അന്വേഷണസംഘം കണ്ടെത്തി. രണ്ടുപേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ഒരു സ്ത്രീയും പുരുഷനും വീട്ടിനകത്ത് കയറുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചാക്ര ഷാഹി, ഇഷ ചൗധരി അഗര്‍വാള്‍ എന്നിവരാണ് ഒരു മാസം മുമ്പ് മുകേഷിന്‍റെ വീട്ടില്‍ പശുവിനെ പരിപാലിക്കാന്‍ എത്തിയത്. ഗുജറാത്തില്‍ ജോലിചെയ്യുന്ന മുകേഷും ഭാര്യയും കണ്ണൂരിലെ തറവാട്ട് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്‍റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് സ്വര്‍ണ്ണവും വെള്ളിപാത്രങ്ങളും കവര്‍ച്ച ചെയ്തത്. പിന്നീട് ഇവര്‍ ഓട്ടോറിക്ഷയില്‍ കണ്ണാടിപാറയില്‍ ഇറങ്ങി. മറ്റൊരു ഓട്ടോയില്‍ നീലേശ്വരത്തേക്ക് പോവുകയായിരുന്നു. അതേസമയം കവര്‍ച്ചക്കാര്‍ കേരളം വിട്ടിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടല്‍. ഇവര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയിട്ടില്ലെന്നും സംശയിക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനകം തന്നെ നേപ്പാള്‍ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്‍റെ മേല്‍നോട്ടത്തില്‍ ചീമേനി സി ഐ അനില്‍കുമാര്‍, എസ് ഐ രമേശന്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക സ്ക്വാഡാണ് സംഭവം അന്വേഷിക്കുന്നത്.