ഗീതുമോളുടെ ജീവന്‍ രക്ഷിക്കാന്‍ കാരുണ്യയാത്രക്ക് തുടക്കമായി

നീലേശ്വരം: ഗീതുമോളുടെ ജീവന്‍ രക്ഷിക്കാനായി 'തമ്പുരാട്ടി' ബസിന്‍റെ കാരുണ്യയാത്രക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് നീലേശ്വരത്ത് ആദ്യ തുക നല്‍കി നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേശന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, ജയറാം, പ്രകാശന്‍, സേതു ബങ്കളം, ബസുടമ വേണു, ഹരീഷ് കോളംകുളം, വിവിധ ബസ് ജീവനക്കാര്‍, ഗീതു ചികിത്സാ കമ്മിറ്റി ഭാരവാഹികള്‍, ബസ് കിംഗ്സ് ഫാമിലി കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരിന്തളം ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ബിരിക്കുളം, കൂടോലിലെ ഗീതുവിന്‍റെ ജീവന്‍ രക്ഷിക്കാനാണ് 'തമ്പുരാട്ടി' ബസ് ഇന്ന് ജീവകാരുണ്യ യാത്ര ആരംഭിച്ചത്. പരപ്പ-കാഞ്ഞങ്ങാട് റൂട്ടില്‍ വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തുന്ന ബസാണ് 'തമ്പുരാട്ടി'. നാളിതുവരെയായി പരപ്പ റൂട്ടില്‍ സര്‍വ്വീസ് കട്ട് ചെയ്യാത്ത ബസ് എന്ന റെക്കോര്‍ഡും തമ്പുരാട്ടി ബസിന് സ്വന്തമാണ്. അവധി ദിവസങ്ങളില്‍ പോലും കൃത്യമായി സര്‍വ്വീസ് നടത്തുന്ന 'തമ്പുരാട്ടി' ബസ് കൊറോണക്കാലത്തും ഓടിയിരുന്നു. തമ്പുരാട്ടി ബസിലെ സ്ഥിരം യാത്രക്കാരിയായ ഗീതുവിന് ഗുരുതരമായ രോഗമാണെന്ന് അറിഞ്ഞാണ് ഇത്തവണ കാരുണ്യ യാത്രക്ക് തീരുമാനിച്ചത്. കാരുണ്യയാത്രക്ക് ഫാമിലി വാട്സ്ആപ് കൂട്ടായ്മ, ഗീതു ചികിത്സാ സഹായകമ്മിറ്റി എന്നിവരും സഹായം നല്‍കുന്നു.