പ്രകൃതിവിരുദ്ധ പീഡനം: കീഴടങ്ങിയ വൈദികനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ചിറ്റാരിക്കാല്‍: പതിനാറുവയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കീഴടങ്ങുകയും റിമാന്‍റിലാവുകയും ചെയ്ത വൈദികനെ അഞ്ചു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റാരിക്കാല്‍, അതിരുമാവ് സെന്‍റ്പോള്‍സ് ചര്‍ച്ച് വികാരി ഫാദര്‍പോള്‍ തട്ടുംപറമ്പിലിനെയാണ് ജില്ലാ കോടതി (രണ്ട്) അഞ്ചു ദിവസത്തേക്ക് ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍റെ കസ്റ്റഡിയില്‍ വിട്ടത്. ജുലായ് 26നാണ് പോക്സോ കേസില്‍ പ്രതിയായ വൈദികന്‍ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്നാണ് പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇന്നലെ രാവിലെ പോലീസിന്‍റെ അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ വൈദ്യപരിശോധന നടത്താന്‍ ഉത്തരവായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. പിന്നാലെയാണ് വൈദികനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പള്ളിയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തും മറ്റും വെച്ച് നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ചിറ്റാരിക്കാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇതോടെ ഒളിവില്‍ പോയ വൈദികന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെയാണ് കോടതിയില്‍ കീഴടങ്ങിയത്. വൈദികനെ കാണാതായതിന് പിന്നാലെ സഹായിയായ അമല്‍ടോമി എന്ന യുവാവിനെയും കാണാതായിരുന്നു. ഇതു സംബന്ധിച്ചും ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.