ചോയ്യംകോട് : ചായ്യോത്ത് നിന്നും കയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ പെന്‍ഷന്‍ മുക്ക് ഇറക്കത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കയ്യൂരില്‍ നിന്നും ചായ്യോം, നീലേശ്വരം ഭാഗത്തേക്കും ചായ്യോത്ത് നിന്നും കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഭാഗത്തേക്കും പോകുവാന്‍ ആശ്രയിക്കുന്ന പ്രധാന റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കയ്യൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐ ടി ഐ എന്നിവിടങ്ങിലെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും കയ്യൂര്‍ എഫ് എച്ച് സി എന്നിവിടങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് 30 അടിയോളം താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ ഈ വഴി വന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാതെ ഇരുന്നതിനാല്‍ മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. നിലവില്‍ കുഴി രൂപപ്പെട്ട ഭാഗത്ത് കല്ലുകള്‍ പെറുക്കി വെച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ചായ്യോത്ത് മുതല്‍ അരയാക്കടവ് പാലം വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടത്തിയത്. ഇതു പലഭാഗത്തും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
റോഡില്‍ കുഴി രൂപപ്പെട്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശാശ്വത പരിഹാരം കാണുന്നതിന് പകരം തട്ട് കൂട്ട് ടാറിംഗ് നടത്തി സ്ഥലം വിടുകയായിരുന്നു. ആ ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞു താഴ്ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളും മറ്റ് ചെറിയ വാഹനങ്ങളുമെല്ലാം ഗര്‍ത്തത്തില്‍ വീണിരുന്നെങ്കില്‍ ജീവഹാനി വരെ ഉണ്ടാകുമായിരുന്നു. കയ്യൂര്‍ ഭാഗത്ത് നിന്നും ചായ്യോത്തേക്ക് വരുന്ന ഭാഗത്താണ് വലിയ ഗര്‍ത്തം രൂപപ്പെട്ടത് ജനങ്ങള്‍ ജാഗ്രത പാലിക്കുക.