കോണ്‍ഗ്രസിലെ ചക്ലത്തിപോരാട്ടം; സ്വയം കുരുക്ക് തീര്‍ത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്തതിനെ ചൊല്ലി മുന്‍ കെ.പി.സി.സി സെക്രട്ടറി സി.ബാലകൃഷ്ണനും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ ഉടലെടുത്ത ആരോപണ പ്രത്യാരോപണങ്ങളും ചക്ലത്തിപോരാട്ടവും അതീവഗൗരവമുള്ള സംഭവമായി മാറുന്നു. കോണ്‍ഗ്രസുകാര്‍ തമ്മിലും വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലുമുള്ള വിഴുപ്പലക്കലും ചെളിവാരിയേറും നേതൃത്വം പലപ്പോഴും ഗൗരവമായി എടുക്കാറില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ സൗഹൃദത്തിലാവും. എന്നാല്‍ ഉണ്ണിത്താനും ബാലകൃഷ്ണനും തമ്മിലുള്ള പോര് ആഴത്തിലുള്ള ശത്രുതയായി മാറിയിട്ടുണ്ട്. ഹൈമാസ്റ്റ് വിളക്ക് സംഭവം സിപിഎം ജില്ലാ കമ്മറ്റിയും ഇടതുപക്ഷത്തെ വിവിധ യുവജനസംഘടനകളും ഏറ്റെടുത്തുകഴിഞ്ഞു. ഉണ്ണിത്താന്‍ ഹൈമാസ്റ്റ് വിളക്കിന് കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കാലത്ത് പണം സമാഹരിച്ചത് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡണ്ടുമാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വലിയതോതില്‍ പണം നല്‍കിയതായി കാസര്‍കോട് ഡിസിസിയില്‍ ചേര്‍ന്ന ഒരുയോഗത്തില്‍ ഉണ്ണിത്താന്‍ തുറന്നടിച്ചിരുന്നു. ഇത് പലരും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഉണ്ണിത്താന്‍ കോടികള്‍ ചിലവഴിച്ചുവെന്നത് രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് അറിയാം. എന്നാല്‍ സമാഹരിച്ച പണവും ചിലവഴിച്ച പണവും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നത് രാജ്മോഹന്‍ ഉണ്ണിത്താനെ പ്രതികൂലമായി ബാധിക്കും. ഓരോ പാര്‍ലമെന്‍റ് മണ്ഡലത്തിലും ഒരുനിശ്ചിത തുകമാത്രമേ ചിലവഴിക്കാന്‍ പാടുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധന. ഇതിന്‍റെ കണക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിശ്ചിത ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും വേണം. ഉണ്ണിത്താന്‍ ചിലവഴിച്ച തുകയും തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കും തമ്മില്‍ വലിയ അന്തരം ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് ഉണ്ണിത്താന്‍ വിധേയനാവേണ്ടിവരും. കൂടാതെ ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും ഉണ്ണിത്താനുമേല്‍ ഫണം വിടര്‍ത്തും. ഉണ്ണിത്താന്‍റെ എതിരാളികള്‍ ഇതിനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.

ഹൈമാസ്റ്റ് വിളക്ക് വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ഉന്നയിച്ചത് സിപിഎം ജില്ലാ കമ്മറ്റിയും കേരളം ഭരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരുമായതിനാല്‍ ന്യായമായും ഉണ്ണിത്താന്‍റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയേറി. എന്തായാലും വരും ദിവസങ്ങളില്‍ ഉണ്ണിത്താന്‍ -ബാലകൃഷ്ണന്‍ പോര് അങ്ങാടിയിലേക്ക് എത്തിയേക്കും. പോരാട്ടത്തില്‍ പരിക്കേല്‍ക്കുക ബാലകൃഷ്ണനേക്കാള്‍ കൂടുതല്‍ ഉണ്ണിത്താനായിരിക്കും. നീളമുള്ള നാവ് വിജിലന്‍സിന് മുമ്പിലും ഇന്‍കംടാക്സ് അധികൃതര്‍ക്ക് മുമ്പിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പിലും പുറത്തെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവും.