മാവുങ്കാല്‍: നാല് പതിറ്റാണ്ടുകാലമായി നാടിന് അക്ഷരവെളിച്ചം നല്‍കുന്ന ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാമന്ദിരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നു. 1984 -85 ല്‍ വിശ്വേശ്വര റാവു സൗജന്യമായി നല്‍കിയ 5 ഏക്കര്‍ സ്ഥലത്ത് സംഘകാര്യ കര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ 36 കുട്ടികളുമായാണ് ഏച്ചിക്കാനത്ത് ശിശു മന്ദിരം ആരംഭിച്ചത്. അന്ന് രണ്ട് ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന വിദ്യാമന്ദിരത്തിന് പിന്നീട് ശ്രീ ഗുരുജി വിദ്യാമന്ദിരം ഏച്ചിക്കാനം എന്ന പേരിട്ടു. വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഏച്ചിക്കാനം ചെമ്പിലോട്ട് വിദ്യാഭാസം സൗകര്യം വളരെ കുറവും പൊതു വിദ്യാലയങ്ങളിലേക്കുള്ള യാത്ര ദുരിതവും ആയതിനാലാണ് നാട്ടിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തോടെ സംഘം വിദ്യാലയം ആരംഭിച്ചത്.
ആദ്യകാല പ്രസിഡണ്ട് കുഞ്ഞപ്പ നമ്പ്യാര്‍ സെക്രട്ടറി പി.വി കുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വിദ്യാലയവികസനത്തിനായി കമ്മിറ്റി രൂപീകരിച്ചു. ശാന്ത, ബാലാണി എന്നിവരായിരുന്നു ഇവിടുത്തെ ആദ്യ അധ്യാപികമാര്‍. ഗുരുജി വിദ്യാമന്ദിരത്തിന്‍റെ വാര്‍ഷികാഘോഷം ഏപ്രില്‍ 7 ന് വൈകീട്ട് 5 മണി മുതല്‍ വിവിധ കലാപരിപാടികളോടെ നടക്കും.
വിദ്യാലയത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളും വാര്‍ഷികാഘോഷവും വിലയിരുത്താന്‍ ചേര്‍ന്ന യോഗം പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബിനോരാജ് കോട്ടപ്പാറ,വിദ്യാലയ സമിതി പ്രസിഡണ്ട് യതീന്‍. സി, സെക്രട്ടറി പുഷ്പലത.പി, ഗുരുജി വിദ്യാമന്ദിരം സ്ഥാപക സെക്രട്ടറി പി.വി.കുമാരന്‍, സുരേഷ് പടിഞ്ഞാറെക്കര, മുരളികൃഷ്ണന്‍, രാമചന്ദ്രന്‍ പി.പി, അമൃതകുമാര്‍, വിദ്യാലയ സമിതി അംഗം വിജയന്‍ വി.വി, പ്രധാനാധ്യാപിക ഷീജ.ടി.ആര്‍, അദ്ധ്യാപികമാരായ വീണ.പി, നിഷ.ഒ, ശാന്ത.കെ, രജിത.പി എന്നിവര്‍ സംസാരിച്ചു.