ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഒമ്പത് ലക്ഷം തട്ടി

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി ഒമ്പത്ലക്ഷം രൂപ കൊള്ളയടിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. അക്രമത്തില്‍ പരിക്കേറ്റ കണ്ണൂര്‍, ചക്കരക്കല്‍, ഇരിവേരി ബിസ്മില്ല മന്‍സിലിലെ റഫീഖിനെ(45) എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാംഗ്ലൂരിലെ ബേക്കറി ഉടമയാണ് റഫീഖ്. ബാംഗ്ലൂരില്‍ നിന്നുള്ള ബസില്‍ നിന്ന് എത്തിയ റഫീഖ് കമാല്‍ പീടികയിലാണ് ഇറങ്ങിയത്. ഈ സമയത്ത് മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം റഫീഖിനെ ബലമായി കാറില്‍ കയറ്റി. കാറിനകത്തുവച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൈവശം ഉണ്ടായിരുന്ന ഒമ്പതുലക്ഷം രൂപ കൈക്കലാക്കി. അതിനു ശേഷം കാപ്പാട്ടെ വിജനമായ സ്ഥലത്ത് തള്ളിയ ശേഷം സംഘം രക്ഷപ്പെട്ടു. അക്രമികള്‍ പോയ ശേഷം റഫീഖ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചാണ് വിവരം അറിയിച്ചത്. സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിച്ചു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ചക്കരക്കല്‍ എസ്.ഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പോലീസ്.