കാസര്‍കോട്: റെയ്ഡിനെത്തിയ പോലീസിനെ കണ്ട് മണല്‍ കടത്ത് തോണിയില്‍ നിന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാംനാള്‍ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമിന്റെ(35) മൃതദേഹമാണ് ഇന്ന് രാവിലെ ഷിറിയ അഴിമുഖത്ത് കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപം പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും ഇന്ന് സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പുഴയില്‍ ചാടിയ ഇബ്രാഹിമിനെ കാണാതായത്. ഷിറിയ പുഴയില്‍ റെയ്ഡിന് എത്തിയ കോസ്റ്റല്‍ പോലീസിനെ കണ്ട് മണല്‍ക്കടത്തുകാര്‍ തോണി ഉപേക്ഷിച്ച് പുഴയില്‍ ചാടുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ഇബ്രാഹിമിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റല്‍ പോലീസും കുമ്പള പോലീസും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ആരിക്കാടി കടവത്തെ അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകനാണ് ഇബ്രാഹിം. സഹോദരങ്ങള്‍ : ഹനീഫ, മുനീര്‍, ഷംസീര്‍, ഫൗസിയ, സൗദ.
പുഴയില്‍ കാണാതായ യുവാവിന്‍െറ മൃതദേഹം നാലാംനാള്‍ കണ്ടെത്തി