കരിന്തളം: വളം കയറ്റി വന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. മുക്കട പരപ്പച്ചാലില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി ഭാരതീയ രാജ് (28), പടന്നക്കാട് ഞാണിക്കടവ് സ്വദേശികളായ അഷ്ക്കര്‍ (36), മൊയ്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ഡ്രൈവര്‍ ഭാരതീരാജ് , അഷ്കര്‍ എന്നിവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും മൊയ്തുവിനെ കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറുടെയും അഷ്കറിന്‍റെയും പരിക്ക് ഗുരുതരമാണ്. മുക്കടയിലെ കുത്തനെയുള്ള ഇറക്കത്തില്‍ ലോറിയുടെ നിയന്ത്രണം വിട്ടു ചാലിലേക്ക് മറിയുകയായിരുന്നു. കോഴി വളവുമായി തമിഴ്നാട്ടില്‍ നിന്നും വന്നതായിരുന്നു ലോറി. മലയാളികളായ രണ്ടു പേരും തൊഴിലാളികളാണ്. സമാന സംഭവത്തില്‍ ഇതേസ്ഥലത്ത് മുമ്പ് സിമന്‍റ് കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞിരുന്നു. അന്ന് ലോറി ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. ഇതിന്ശേഷം റോഡില്‍ അപകടസൂചനാ ബോര്‍ഡുകളും സിഗ്നലുകളും നല്‍കിയിട്ടുണ്ടെങ്കിലും അപകടത്തിന് മാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല.
പുഴയിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം