നീലേശ്വരം: പാലായിലും പരിസരങ്ങളിലും ഭക്ഷ്യവിഷബാധയേറ്റ നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സതേടി. ഇന്ന് രാവിലെമുതലാണ് നിരവധിപേര്‍ ഛര്‍ദ്ദിയും ചലവേദനയും പിടിപെട്ട് ആശുപത്രിയിലെത്തിയത്. ഇതില്‍ രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്കി പറഞ്ഞുവിട്ടു. എന്നാല്‍ ആദ്യം കുട്ടികളാണ് ചികിത്സതേടിയത്. പാലായില്‍ കളിയാട്ടമഹോത്സവം നടക്കുന്ന തറവാട് ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തിയ ഐസ്ക്രീംകുട്ടികള് കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പ്രായമുള്ളവരും അസുഖംബാധിച്ച് ചികിത്സക്കെത്തിയതോടെയാണ് ഐസ്ക്രീം അല്ല വില്ലനെന്ന് മനസ്സിലായത്. ആഘോഷത്തോടനുബന്ധിച്ച് അന്നദാനം ഉണ്ടായിരുന്നു. ഇവിടെനിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കൂടുതലായും വിഷബാധയേറ്റിട്ടുള്ളത്. അതേസമയം വിഷബാധയില്‍ ആശങ്കവേണ്ടെന്നും ആര്‍ക്കും ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.ടി.മനോജ് പറഞ്ഞു. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.