പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനം ഓടിച്ചു; നിരവധി രക്ഷിതാക്കള്‍ കുടുങ്ങി

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്ന മൂസഹാജി മുക്കില്‍ ചന്തേര എസ് ഐ എം.അജ്മല്‍ വാഹന പരിശോധന നടത്തികൊണ്ടിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്കോടിച്ച് വരുമ്പോള്‍ പിടികൂടിയതില്‍ കുട്ടിയുടെ മാതാവ് പടന്ന തെക്കേക്കാട്ടെ ഫാത്തിമ മന്‍സില്‍ റഫീക്കിന്‍റെ ഭാര്യ പി.ഫാത്തിമക്കെതിരെയും ബേക്കല്‍ എസ് ഐ വിനോദ് കുമാറും സംഘവും വാഹന പരിശോധനയ്ക്കിടയില്‍ ബേക്കല്‍ മൗവ്വലില്‍ ഖിലറിയ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ച് വരുമ്പോള്‍ പിടികൂടിയതില്‍ കുട്ടിയുടെ പിതാവ് പള്ളിക്കര മൗവല്‍ റഹ്മത്ത് നഗറിലെ ന്യൂ ഹൗസില്‍ അബ്ദുക്കെതിരെയും പെരിയാട്ടടുക്കത്ത് വഴി കുട്ടി ബൈക്കോടിച്ചുവരുമ്പോള്‍ പിടികൂടിയതില്‍ മാതാവ് പനയാന്‍ കുഞ്ഞിത്തൊട്ടിയിലെ രവീന്ദ്രന്‍റെ ഭാര്യ രമ്യക്കെതിരെയും കേസെടുത്തു. ആദൂര്‍ പടിയത്തടുക്കയിലും പള്ളി റോഡിലും ആദൂര്‍ എസ് ഐ സജിലേഷും സംഘവും വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ സ്ക്കൂട്ടര്‍ ഓടിച്ചുവരുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടിയ സംഭവത്തില്‍ രക്ഷിതാക്കളായ ആദൂര്‍ കുണ്ടാര്‍ ചേര്‍ത്തോട്ടി ഹൗസില്‍ മുഹമ്മദ് ഹനീഫ (50), ആദൂര്‍ കോട്ട ഹൗസില്‍ അബ്ബാസിന്‍റെ ഭാര്യ ദൈനബി എന്നിവര്‍ക്കെതിരെയും കേസെടുത്തു. കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് വാഹനം ഓടിക്കാന്‍ കൊടുത്തതിനാണ് രക്ഷിതാക്കള്‍ക്കെതിര കേസെടുത്തത്.