മിനി സിവില്‍ സ്റ്റേഷനില്‍ ദല്ലാളുമാര്‍ പിടിമുറുക്കി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്കിലെ ഭരണസിരാകേന്ദ്രമായ മിനിസിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വീണ്ടും ദല്ലാളന്മാര്‍ പിടിമുറുക്കി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലേക്കെത്തുന്ന ആളുകളെ വലവീശിപിടിച്ച് പണം പിടുങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ദല്ലാളന്മാരുടെ ശല്ല്യം രൂക്ഷമായപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി നല്‍കാനുള്ള പണവുമായെത്തിയ ഉദുമ ഭാഗത്തുള്ള ഒരു ദല്ലാളിനെ അറസ്റ്റുചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മിനിസിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍റുമാരുടെ ഇടനില ഏര്‍പ്പാടുകള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് വീണ്ടും ഇത് സജീവമായത്. റവന്യൂ, ആര്‍ടിഒ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ദല്ലാളുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഡ്രൈ വിംങ് ലൈസന്‍സ് ടെസ്റ്റ്, ഭൂമി സംബന്ധമായ കാര്യങ്ങള്‍, വിവിധസര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ശരിയാക്കിതരാമെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. കൂടുതലായും പ്രവാസികളും അവരുടെ ബന്ധുക്കളുമാണ് ഇവരുടെ വലയില്‍ കുടുങ്ങുന്നത്. ഏതെങ്കിലും സംഘടനയുടെ ഭാരവാഹികള്‍ എന്നപേരിലാണ് ഇവര്‍ ഓഫീസില്‍ കയറി കാര്യങ്ങള്‍ ശരിയാക്കുന്നത്. ഇതിന് ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായി പറയപ്പെടുന്നുണ്ട്. സാധാരണക്കാര്‍ക്ക് തന്നെ എല്ലാരേഖകളുമായി എത്തിയാല്‍ ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാവുക. ഇത് മുതലെടുത്താണ് മിനി സിവില്‍ സ്റ്റേഷനില്‍ ചുറ്റിപറ്റികഴിയുന്ന ദല്ലാളുമാര്‍ ആളുകളെ വലയിലാക്കുന്നത്. ഇങ്ങനെ കാര്യം സാധിച്ചാല്‍ വന്‍തുക കൈപ്പറ്റുകയും ചെയ്യും. ഓഫീസുകളില്‍ കയറിയിറങ്ങി സമയം കളയേണ്ടതില്ലല്ലോ എന്ന് കരുതിയാണ് പലരും ഇവരുടെ കെണിയില്‍ കുടുങ്ങുന്നത്. ഇങ്ങനെ പണം നല്‍കി കാര്യങ്ങള്‍ ശരിയാക്കികൊടുക്കാത്ത സംഭവങ്ങളും നിരവധിയാണ്.

കഴിഞ്ഞദിവസം പനയാലില്‍ നിന്നും കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിലെത്തിയ ഒരു പ്രവാസിയെ ദല്ലാളുമാരിലൊരാള്‍ വലവീശിപിടിക്കുകയും ഇദ്ദേഹവുമായി ഓഫീസിലെത്തുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഇടനിലക്കാരെ ആവശ്യമില്ലെന്ന് പറഞ്ഞ് ദല്ലാളിനെ ഓഫീസില്‍ നിന്നും പുറത്താക്കി. ഇതിന്‍റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഭരണമാറ്റത്തോടെ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഇടനിലക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.