പള്ളിഖത്തീബിന്‍റെ മുറിയിലെ കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂര്‍: തുരുത്തി ജുമാമസ്ജിദ് ഖത്തീബ് താമസിക്കുന്ന മുറിയുടെ സീലിംഗ് തുരന്ന് അകത്ത് കയറി 37,000 രൂപയും വിദേശ നിര്‍മ്മിത വാച്ചും വിലപ്പെട്ട രേഖകളും മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

പഴയങ്ങാടി, വേങ്ങര മൂലക്കീല്‍ സ്വദേശി പുന്നക്കന്‍ മന്‍സൂറിനെയാണ് (28) ചന്തേര പോലീസ് പഴയങ്ങാടി പോലീസിന്‍റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളികളായ കണ്ണൂര്‍, മുട്ടം സ്വദേശി മൈലാഞ്ചില്‍ മുഹമ്മദ് ഫയാസ് (19), നരീക്കോട് സ്വദേശി മുഹമ്മദ് ഇഫാസ് (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് ഉപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് പള്ളിഖത്തീബ് മലപ്പുറം തവനൂര്‍ സ്വദേശി ഹജ്ജുള്‍ അക്ബറിന്‍റെ മുറിയില്‍ കവര്‍ച്ച നടന്നത്. ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്തിന്‍റെ മേല്‍ക്കൂര തുരന്നാണ് അകത്ത് കയറിയത്. ഈ സമയത്ത് ഖത്തീബ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ചന്തേര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.