കാസര്‍കോട്: പുത്തൂര്‍ ബെട്ടാംപടി മഹാലിംഗേശ്വര ക്ഷേത്രത്തില്‍നിന്ന് കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ പുത്തൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്വദേശി കെ.സതീഷാണ് (31) അറസ്റ്റിലായത്. ആഗസ്ത് 25ന് രാവിലെയാണ് ക്ഷേത്രത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന ഭണ്ഡാര പെട്ടി കാണാതായത് ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 24ന് രാത്രി അജ്ഞാതന്‍ സംഭാവനപ്പെട്ടി എടുത്ത് ഓടിപ്പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ വിനോദ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സംഘം കാസര്‍കോട് കിന്നിംഗാര്‍, ബദിയടുക്ക, അഡൂര്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. പിന്നാലെ അന്തര്‍ സംസ്ഥാന മോഷ്ടാവായ സതീഷിനെ ബദിയടുക്കയില്‍നിന്ന് അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷനിലടക്കം മോഷണവുമായി ബന്ധപ്പെട്ട് സതീഷിനെതിരെ ഇതിനകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുത്തൂര്‍ സബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രമോദ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ തിമ്മപ്പ നായിക്കിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഭണ്ഡാര പെട്ടിയില്‍ 4500 ഉണ്ടായിരുന്നതായും ഭണ്ഡാര പെട്ടിക്ക് 2500 രൂപ വിലയുള്ളതായും ക്ഷേത്ര അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച യുവാവ് അറസ്ററില്‍