അമ്പലത്തറ: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ നിരവധി കേസുകളില്‍ പ്രതിയായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി.സംഭവത്തില്‍ വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. ഗൃഹസന്ദര്‍ശനത്തിനിടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറപ്പള്ളി മുട്ടച്ചരലിലെ സമീറിന്‍റെ വീട്ടിലേക്കാണ് നിരവധി കേസുകളില്‍ പ്രതിയായ അമ്പലത്തറ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ലാലൂരിലെ രതീഷ് (33)സ്ഫോടക വസ്തു എറിഞ്ഞത്.
ലോക്കല്‍ സെക്രട്ടറിമാരായ അനൂപ് ഏഴാംമൈല്‍, ബാബുരാജ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് രതീഷ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് ആക്ഷേപം. സമീറിന്‍റെ അയല്‍വാസിയായ ആമിന എന്ന വീട്ടമ്മയ്ക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നല്‍കി. രതീഷ് സ്ഫോടകവസ്തു എറിഞ്ഞ ഉടനെ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
അമ്പലത്തറ പോലീസ് സ്ഫോടനമുണ്ടായ സ്ഥലം പരിശോധിച്ചു. ആമിനയുടെ പരാതിയില്‍ കേസെടുത്ത ശേഷം ഫൊറന്‍സിക് വിദഗ്ദ്ധരും എക്സ്പ്ലോസീവ് വിദഗ്ദ്ധരും ഇന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. സ്ഫോടനമുണ്ടായ സ്ഥലം പോലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകന്‍ രതീഷും സിപിഎം - ഡിവൈഎഫ്ഐ നേതാക്കളും കുറെ നാളായി ചില വിഷയങ്ങളുടെ പേരില്‍ അസ്വാരസ്യത്തിലായിരുന്നുവെന്നും ഇതാണ് സ്ഫോടകവസ്തു എറിയാന്‍ കാരണമായതെന്നുമാണ് കരുതുന്നത്. പന്നിപ്പടക്കം ആണോ എറിഞ്ഞതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.