ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയെടുത്തു

പള്ളിക്കര: നവമാധ്യമങ്ങളിലൂടെ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. പള്ളിക്കര നാരാന്‍വളപ്പില്‍ ശിവഗിരി നിലയത്തില്‍ തൃക്കണ്ണാട് സഞ്ജയ്കുമാര്‍ കൃഷ്ണ(54) ആണ് തട്ടിപ്പിനിരയായത്. ജോനാദന്‍ സൈമണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രാറ്റജിസ്റ്റ് സെന്റര്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയും ആല്‍പ്പാക്‌സിസ്‌പ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയുമാണ് പലതവണകളിലായി സഞ്ജയ്കുമാറില്‍ നിന്നും 32 ലക്ഷം രൂപ തട്ടിയെടുത്തത്. വാട്‌സ് ആപ്പിലെ സന്ദേശം കണ്ടാണ് സഞ്ജയ്കുമാര്‍ ജനുവരി 8 മുതല്‍ ഫെബ്രുവരി 6 വരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുതലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് സഞ്ജയ്കുമാറിന്റെ പരാതി. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.