മാവുങ്കാല്‍: 2023 ലെ 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കോട്ടപ്പാറ അഞ്ചാംവയലിലെ ആവണി ആവൂസ് സ്വന്തമാക്കി . കുറിഞ്ഞി എന്ന ചിത്രത്തിലെ കഥാപാത്രം അവിസ്മരണീയമാക്കിയതിനാണ് ആവണി ആവൂസിന് മികച്ച ബാലാലതരത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. ഇതേ ചിത്രത്തിന്‍റെ സംവിധായകന്‍ ഗിരീഷ് കുന്നുമ്മലിന് മികച്ച ഗോത്ര ഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണ്ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്ക്കാരമാണിത്. 69 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി അപേക്ഷിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്തചിത്രമാണ് കുറിഞ്ഞി. വേര് ശില്‍പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന പണിയ കോളനിയിലെ മാതന്‍റെയും സുഹൃത്ത് വെള്ളന്‍റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റ് പൊതുവിഭാഗങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രമാണ് കുറിഞ്ഞി. രാഹുല്‍ റെജി വര്‍ഗ്ഗീസിന്‍റെ ഡാകിണി, ഷജീര്‍ഷ സംവിധാനം ചെയ്ത ഗ്രാമവാസീസ് തുടങ്ങിയ അഞ്ചോളം സിനിമകളില്‍ ആവണി അഭിനയിച്ചു. സി കേരളം സംഘടിപ്പിച്ച റിയാലിറ്റി ഷോയില്‍ വിന്നറായിരുന്നു. ഫ്ളവേഴ്സ് മലയാളം ടെലിവിഷന്‍ ചാനലില്‍ അമ്മയും കുഞ്ഞും പരിപാടിയിലും മഴവില്‍ മനോരമയില്‍ ബംബര്‍ചിരി പരിപാടിയിലും അമൃത ടിവിയില്‍ ഗസ്റ്റായും പങ്കെടുത്തിട്ടുണ്ട്.
നെല്ലിത്തറ സരസ്വതി വിദ്യാലയത്തിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയായ ആവണി ആവൂസ് മാവുങ്കാലിലെ റാം ഇന്‍ഡസ്ട്രീസ് ഉടമ കോട്ടപ്പാറ അഞ്ചാംവയലിലെ രാഗേഷ്കുമാറിന്‍റെയും കാഞ്ഞങ്ങാട് ബസ്റ്റാന്‍റിന് സമീപത്തെ ആവണി ബ്യൂട്ടി കോര്‍ണര്‍ ഉടമ ശിവഞ്ജനയുടെയും മൂത്തമകളാണ്. യുകെജി വിദ്യാര്‍ത്ഥി ശിവകേദാര്‍ ആവണിയുടെ സഹോദരനാണ്.