നീലേശ്വരം നഗരത്തിലെ മോഷണശ്രമം: പ്രതി കാണാമറയത്ത്

നീലേശ്വരം : നഗരത്തിലെ മൂന്ന് കടകളില്‍ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ല. ഞായറാഴ്ച വെളുപ്പിനാണ് നീലേശ്വരം ബസാറിലെ ആര്യക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ സി എം സ്റ്റോര്‍, പവര്‍ഗില്‍റ്റി, സമീപത്തെ മറ്റൊരു കട എന്നീ സ്ഥാപനങ്ങളുടെ ഷട്ടറിന്‍റെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. എന്നാല്‍ രണ്ട് കടകളില്‍ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സാധനങ്ങളെല്ലാം തന്നെ വാരിവലിച്ചിട്ട നിലയിലായിരുന്നു.സി എം സ്റ്റോറിന്‍റെ മേശ വലിപ്പില്‍ ഒരുലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും അത് മോഷ്ടാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മോഷ്ടാവിന്‍റെ വ്യക്തമായ ദൃശ്യം കടയിലെ സിസി ക്യാമറയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ആളെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.