കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലപാതകകേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതുമായി ഉയര്‍ന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. ഇതുസംബന്ധിച്ച പരസ്യപ്രസ്താവനകള്‍ക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കും കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണനും കെ.പി.സി.സി വിലക്ക് ഏര്‍പ്പെടുത്തി.
ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹചടങ്ങില്‍ പങ്കെടുത്ത ഒരു കോണ്‍ഗ്രസുകാരനേയും ഇനി പാര്‍ട്ടിയില്‍ വെച്ചേക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ കെപിസിസി സെക്രട്ടറി പെരിയ ബാലകൃഷ്ണന്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. ഒപ്പം തന്നെ ഇരട്ടക്കൊലപാതക കേസിലെ 13-ാം പ്രതി മണികണ്ഠനുമായി മറ്റൊരു വിവാഹചടങ്ങിനിടെ ഇരുളിലേക്ക് മാറിനിന്ന് ചര്‍ച്ച നടത്തുന്ന ഫോട്ടോയും ഫേസ് ബുക്കിലിട്ടു. ഇതോടെ സ്ഥിതി ആകെമാറി. ഉണ്ണിത്താനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ബാലകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. പിറ്റേന്നുതന്നെ ഉണ്ണിത്താന്‍റെ തനിനിറം പുറത്ത് വിടാന്‍ പത്രസമ്മേളനം നടത്തുമെന്നും താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിടപറയുകയാണെന്നും ബാലകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.പി.സി.സി നേതൃത്വം സംഭവത്തില്‍ ഇടപെട്ട് പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്നും പത്രസമ്മേളനം നടത്തുന്നതില്‍ നിന്നും ബാലകൃഷ്ണനെ പിന്തിരിപ്പിക്കുകയാണുണ്ടായത്. അപ്പോഴും ഉണ്ണിത്താന്‍റെ വെല്ലുവിളി തുടര്‍ന്നുകൊണ്ടിരുന്നു. ഫേസ് ബുക്കില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യമുണ്ടോയെന്ന് ഉണ്ണിത്താന്‍ ചോദിക്കുന്നുണ്ടായിരുന്നു. അതായത് ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകണമെന്നാണ് ഉണ്ണിത്താന്‍ ആഗ്രഹിച്ചത്. ഇത് കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ജില്ലയിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ മനസ്സില്‍ നീറ്റലായി. ഇതോടെ ഉണ്ണിത്താന്‍റെ കൂടെ നടക്കുന്നവര്‍പോലും ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് സമാശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ഉണ്ണിത്താന്‍റെ പീഡനത്തിനും ചീത്തവിളിക്കും ഇരയായ നൂറുകണക്കിന് കോണ്‍ഗ്രസുകാര്‍ ബാലകൃഷ്ണന് പിന്തുണയുമായി രംഗത്തിറങ്ങി. വോട്ടെടുപ്പിന് മുമ്പാണ് ബാലകൃഷ്ണനുമായി ഇത്തരമൊരു പോര്‍വിളിയും വെല്ലുവിളിയും ഉണ്ടാവുന്നതെങ്കില്‍ ഉണ്ണിത്താന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പിക്കാമായിരുന്നു. ഇനി അതല്ല ബാലകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചവരും സമാശ്വാസ വാക്കുകള്‍ ചൊരിഞ്ഞവരും ഉണ്ണിത്താന് എതിരെയാണ് വോട്ട് ചെയ്തതെങ്കില്‍ ഫലം അനുകൂലമാവാനിടയില്ല.
ഉണ്ണിത്താന്‍ വളരെ അടുപ്പമുള്ളവരോട് മനസ്സ് തുറന്ന് സംസാരിക്കും. ഒരു സമയത്ത് ഉണ്ണിത്താന്‍റെ വളരെ അടുപ്പമുള്ളയാളായിരുന്നു പെരിയ ബാലകൃഷ്ണന്‍. 2018 മുതല്‍ തനിക്ക് രാജയോഗമാണെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ജാതകത്തിലുണ്ടെന്ന് ഉണ്ണിത്താന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ഇതുപ്രകാരം ഉണ്ണിത്താന്‍ ജയിച്ചാല്‍ വൈകാതെ ബിജെപിയുമായി കൈകോര്‍ക്കുമെന്നാണ് കരുതേണ്ടത്. ഉണ്ണിത്താന്‍ കെ.പി.സി.സി എന്നല്ല എഐസിസിയേയും രാഹുല്‍ഗാന്ധിയേയും വരെ വിമര്‍ശിക്കാന്‍ ഒരുമ്പെടുന്ന രാഷ്ട്രീയക്കാരനാണ്. നേതൃത്വത്തെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാവും. അങ്ങനെ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തി ബിജെപിയുമായി ചങ്ങാത്തത്തിലാവാനുള്ള സാധ്യതയാണ് മുന്നില്‍ തെളിയുന്നത്. ബിജെപിയുമായി കൈകോര്‍ത്താല്‍ കേന്ദ്രത്തില്‍ മന്ത്രിയാവാമെന്നും ഉണ്ണിത്താന്‍ കണക്കുകൂട്ടുന്നുണ്ടാവും. ജാതകം ഫലിക്കുകയും ചെയ്യും. ഇനി അതല്ല തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പെട്ടിയുമെടുത്ത് പൊടിയും തട്ടി തിരുവനന്തപുരത്തേക്ക് വണ്ടികയറേണ്ടിവരും. താന്‍ കാസര്‍കോടിന്‍റെ ഭാഗമായി മാറിയെന്നും തന്‍റെ മയ്യത്തുപോലും കാസര്‍കോടിന്‍റെ മണ്ണിലാവും സംസ്ക്കരിക്കുകയെന്നും തന്നെ കാസര്‍കോട്ടുകാര്‍ ഉണ്ണിച്ച എന്നാണ് വിളിക്കുന്നതെന്നും ഉണ്ണിത്താന്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ എം പി സ്ഥാനം നഷ്ടപ്പെട്ടാല്‍ ഇച്ച എന്ന് വിളിക്കുന്നവര്‍ എന്ത് നിലപാടും സ്വീകരിക്കും എന്നാണ് അറിയേണ്ടത്.