പടന്നക്കാട്: കരുവന്നൂരിനും കാറഡുക്കക്കും പിന്നാലെ നീലേശ്വരം മുനിസിപ്പല്‍ പരിധിയിലെ ഒരു സഹകരണസംഘവും പൊളിഞ്ഞു. കരുവന്നൂരിലും കാറഡുക്കയിലും ജീവനക്കാരാണ് സൊസൈറ്റി മുക്കിയതെങ്കില്‍ നീലേശ്വരത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് സൊസൈറ്റി വിഴുങ്ങിയത്. 2010 ന് ശേഷമാണ് ഈ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. ആരംഭഘട്ടത്തിലുണ്ടായിരുന്ന ഭരണസമിതി അംഗങ്ങളില്‍ ചിലരും ചില ജീവനക്കാരും സംഘത്തിന്‍റെ പോക്ക് പന്തിയല്ലെന്ന് കണ്ട് വൈകാതെ ഒഴിഞ്ഞുപോയി. താല്‍പ്പര്യമില്ലാത്ത ഭരണസമിതി അംഗങ്ങളേയും ജീവനക്കാരേയും പ്രസിഡണ്ട് നീക്കം ചെയ്തും അഴിമതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. പ്രസിഡണ്ട് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ സംഘത്തില്‍ നിന്നും വായ്പയെടുത്താല്‍ കുടിശിഖ വരുത്താന്‍ പാടില്ലെന്നാണ് സഹകരണ ചട്ടം. അഥവാ കുടിശിഖ വരുത്തി നടപടി നേരിടേണ്ടിവന്നാല്‍ ഭരണസമിതി അംഗമായി തുടരുന്നതിന് അത് അയോഗ്യതയാവും. പ്രസിഡണ്ട് തന്നെ പല പേരുകളില്‍ ആവശ്യമായ ഈട് നല്‍കാതെ ലക്ഷങ്ങള്‍ വായ്പയെടുത്ത വിവരം പുറത്തുവന്നിട്ടുണ്ട്. ഇവിടെയും സംഘത്തില്‍ പണം നിക്ഷേപിച്ചവരാണ് വെട്ടിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജന്മദേശം അടുത്തദിവസം തന്നെ പുറത്തുവിടും. മാലക്കല്ലില്‍ മലനാട് സൊസൈറ്റിയും ചിറ്റാരിക്കാലില്‍ ജില്ലാ റബ്ബര്‍മാര്‍ക്കറ്റിംങ് സൊസൈറ്റിയും നിക്ഷേപകരുടെ കോടികളാണ് വിഴുങ്ങിയത്. ഇതിന് പിന്നാലെയാണ് നീലേശ്വരത്തും സഹകരണസംഘം പൊളിഞ്ഞ് നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയത്.