സ്കൂട്ടി മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു, മാതാവിനും മുത്തശ്ശിക്കും പരിക്ക്

കാസര്‍കോട്: മലയോര ഹൈവേയിലെ അപകടമേഖലയായി മാറിയ ചിറ്റാരിക്കാല്‍ കാറ്റാംകവല മറ്റപ്പള്ളി വളവിന് സമീപം സ്കൂട്ടി മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി കാക്കകുന്ന് സ്വദേശി സാജന്‍- നിസിയ ദമ്പതികളുടെ മകള്‍ സെലിന്‍ മേരി ആണ് മരിച്ചത്. അപകടത്തില്‍ സെലിന്‍റ അമ്മ നിസിയ, നിസിയയുടെ മാതാവ് രാജി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാജിയെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും നിസിയയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്കൂട്ടി ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചത്. കമ്പല്ലൂര്‍ ഉന്നതി അംഗന്‍വാടിയിലെ വിദ്യാര്‍ത്ഥിനിയാണ് സെലിന്‍മേരി.