സ്വരമധുര മുഖരിതമാക്കി മുഖ്യപ്രാണ ക്ഷേത്രത്തില്‍ ശ്രീനിധി ഭട്ട്

കാഞ്ഞങ്ങാട്: യുവ ഗായികയും കര്‍ണ്ണാടക സംഗീതജ്ഞയുമായ രാജപുരം പൂടുംങ്കലിലെ ശ്രീനിധി ഭട്ട് ശ്രീരാമനവമി നാളില്‍ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തില്‍ അവതരിപ്പിച്ച സംഗീത കച്ചേരി ശ്രദ്ധേയമായി. ശ്രീരാമ സ്തുതികളുടെ രാഗവിസ്താരവും ആലാപന മധുരവും ആസ്വാദക സദസിന് ശ്രവണ പുണ്യമായി. മോഹന കല്യാണി രാഗത്തിലുള്ള ലാല്‍ഗുഡിയുടെ പ്രസിദ്ധമായ ' വല്ലഭൈനായക' എന്ന വര്‍ണ്ണത്തോടെ ആരംഭിച്ച കച്ചേരിയില്‍ സിംഹേന്ദ്രമധ്യമം രാഗത്തില്‍ ആലപിച്ച 'നിന്ന നമിതേനയ്യ ശ്രീരാമ ' എന്ന കീര്‍ത്തനവും രാമകീര്‍ത്തനങ്ങളും ആഞ്ജനേയ സ്തുതികളും സദസിനെ ആസ്വാദ്യമാക്കി. ആനന്ദകൃഷ്ണ കോഴിക്കോട് വയലിനിലും, വെള്ളിനേഴി രമേശ് പാലക്കാട് മൃദംഗത്തിലും വിസ്മയം തീര്‍ത്തു. ഇതിനോടകം നിരവധി വേദികളിലും സ്കൂള്‍ - ജില്ല - സംസ്ഥാന കലോത്സവങ്ങളിലും മികച്ച വിജയം കരസ്ഥമാക്കിയ ശ്രീനിധി സംഗീതജ്ഞ ഡോ:രൂപാസരസ്വതിയുടെ മകളാണ്. അച്ചന്‍ ഗണേഷ് ഭട്ട് നൈജീരിയയില്‍ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

തങ്ങളുടെ കുടുംബക്ഷേത്രവും കൂടിയായ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തില്‍ നടന്ന് വരുന്ന ബ്രഹ്മകലശത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സംഗീത കച്ചേരിയില്‍ പങ്കാളികളായി.ക്ഷേത്ര ട്രസ്റ്റി എച്ച് മഞ്ജുനാഥ ഭട്ട് പ്രസാദം നല്‍കി പൊന്നാട അണിയിച്ച് ശ്രീനിധിയെ ആദരിച്ചു.