വീട്ടില്‍ റെയ്ഡ് നടത്തി; ഗോവ, കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി

കുമ്പള: വീട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന കാപ്പ കേസിലടക്കം നിരവധി കേസുകളിലെ പ്രതിയുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തി. ഇതിനിടെ പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടു. പരിശോധനയില്‍ 52 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യവും നാലുകുപ്പി ഗോവന്‍ നിര്‍മ്മിത മദ്യവും പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ടത് കുണ്ടങ്കാറടുക്കയിലെ അണ്ണി പ്രഭാകരനാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

കുമ്പള എസ്.ഐ. ശ്രീജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശേധന നടത്തിയത്. ഇന്നലെ വൈകിട്ട് 6.30 മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ 12.30 മണിവരെ നീണ്ടുനിന്നു. വര്‍ഷങ്ങളോളമായി അണ്ണി പ്രഭാകരന്‍ വീട്ടില്‍ വെച്ച് മദ്യവില്‍പ്പന നടത്തിവരികയാണെന്ന് പോലീസ് പറയുന്നു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ അണ്ണി പ്രഭാകരന്‍ പ്രതിയാണ്. ഒരു യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും, വീട്ടില്‍ പരിശോധനക്ക് എത്തിയ എക്സൈസ് സംഘത്തെ ചോറ്റുപാത്രം കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. എക്സൈസ് സംഘം പല പ്രാവശ്യം മദ്യവുമായി പിടികൂടിയ വിരോധം മൂലം കുമ്പള എക്സൈസ് ഓഫീസിന് രണ്ട് വര്‍ഷം മുമ്പ് അര്‍ദ്ധരാത്രി ജനല്‍ വഴി കുപ്പിയില്‍ നിന്ന് പെട്രോള്‍ ഒഴിച്ച് തീ വെക്കാന്‍ ശ്രമിക്കുകയും പിന്നീട് എക്സൈസ് ഓഫീസിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്‍റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്ത കേസിലും അണ്ണി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജീപ്പിന്‍റെ സീറ്റിന് പുറത്ത് കല്ലുകള്‍ വെച്ചതിന് ശേഷമാണ് അന്ന് പ്രഭാകരന്‍ രക്ഷപ്പെട്ടത്. പിന്നീട് കുമ്പള പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.