കാരുണ്യ യാത്രയുമായി വീണ്ടും തമ്പുരാട്ടി ബസ്

നീലേശ്വരം: ജീവകാരുണ്യപ്രവര്‍ത്തനത്തിന് കൈത്താങ്ങായി വീണ്ടും കാരുണ്യ യാത്രയുമായി തമ്പുരാട്ടി ബസ്. മലയോര മേഖലയില്‍ വര്‍ഷങ്ങളായി സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന തമ്പുരാട്ടി ബസ്സിന് ബസില്‍ തളര്‍ന്നു വീണവരെ ഒന്നിലധികം തവണ ജീവന്‍ രക്ഷിച്ച കഥകളടക്കം പറയാനുണ്ട് . കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയായി അഞ്ചാമത് കാരുണ്യ യാത്രയുമായിട്ടാണ് നാളെ സര്‍വ്വീസ് നടത്തുന്നത്. നാളിതുവരെയും പരപ്പ റൂട്ടില്‍ സര്‍വീസ് കട്ട് ചെയ്യാതെയും, നടാകെ വിറങ്ങലിച്ചു നിന്ന കൊറോണ മഹാ മാരിയുടെ സമയത്ത് പോലും സര്‍വീസ് നടത്തിയും, അവധി ദിവസങ്ങളില്‍ കൃത്യമായി മുഴുവന്‍ സര്‍വീസും നടത്തിയും ഗുരുതര അസുഖം ബാധിച്ചു പരിചരിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതെയും ആയ ജനങ്ങള്‍ക്കും വേണ്ടിയും കാരുണ്യ യാത്ര നടത്തികൊണ്ട് മുന്നോട്ട് പോകുമ്പോള്‍ ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയായ ബിരിക്കുളം കൂടോലിലെ ഗീതു എന്ന കരിന്തളം കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ഗുരുതര അസുഖം ബാധിച്ച് തന്‍റെ വിദ്യാലയ ജീവിതത്തിലേക്ക് തിരികെ പോകുവാന്‍ പറ്റാത്ത അവസ്ഥ അറിഞ്ഞതിനാല്‍ ബസ് മാനേജ്മെന്‍റും ജീവനക്കാരും സ്വയം സഹായ ഹസ്തവുമായി മുന്നോട്ട് ഇറങ്ങുകയായിരുന്നു. ബസ് ഗ്രൂപ്പിനൊപ്പം ഇതുവരെ എല്ലാ കാരുണ്യ യാത്രക്കും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയോരത്തെയും നിലേശ്വരം കാഞ്ഞങ്ങാട് ഭാഗത്തും ജോലി ചെയ്തുവരുന്നതും മുമ്പ് ജോലിചെയ്തതുമായ തൊഴിലാകളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയും ജീവകാരുണ്യ മേഖലയിലും തൊഴിലാളികളുടെ കാര്യങ്ങളിലും ഇടപെടല്‍ നടത്തുന്ന തൊഴിലാളികളുടെ കൂട്ടായ്മ ആയ ബസ് കിങ്സ് ഫാമിലി വാട്ട്സ് ആപ്പ് കൂട്ടായ്മയും, നീതുവിനെ സഹായിക്കാനായി കൂടോലില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഗീതു ചികിത്സ സഹായ കമ്മിറ്റിയും ചേര്‍ന്ന് നാളെ കാരുണ്യയാത്ര നടത്തുന്നത്. കാരുണ്യ യാത്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നിലേശ്വരം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഉമേശന്‍ കെ വി ഫ്ളാഗ് ഓഫ് ചെയ്യും.