മലയോരത്ത് വ്യാജ നോട്ട്

ചെറുപുഴ: മലയോരത്ത് കള്ളനോട്ടിന് പിന്നാലെ കളി നോട്ടുകള്‍ നല്‍കി ആളുകളെ പറ്റിക്കുന്നു. രാത്രികാലങ്ങളില്‍ വെളിച്ച കുറവുള്ള പെട്ടിക്കടകള്‍ നടത്തുന്ന വ്യാപാരികളെയാണ് ഇത്തരത്തില്‍ കബളിപ്പിക്കുന്നത്. ചെറുപുഴ മേലെബസാറില്‍ കടല കച്ചവടം നടത്തുന്ന ജോസ്ഗിരി സ്വദേശി ജോസഫിനെയാണ് കഴിഞ്ഞദിവസം പറ്റിച്ചത്. 100 രൂപയുടെ കളി നോട്ട് നല്‍കി ഒരാള്‍ കടല വാങ്ങി. ഒപ്പം ബാക്കി പണവും വാങ്ങി. പിന്നീട് വീട്ടില്‍ പോയി പണം എണ്ണി നോക്കുമ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്ന് ജോസഫ് പറഞ്ഞു. അടുത്തകാലത്തായി മലയോരമേഖലയില്‍ ഇത്തരത്തില്‍ വ്യാപകമായി വ്യാജനോട്ടുകള്‍ ഇറങ്ങുന്നതായി പരാതിയുണ്ട്. പ്രായമായവരെയും മറ്റുമാണ് ഇത്തരക്കാര്‍ പറ്റിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പാടിയോട്ടുചാലിലും 100 രൂപ കള്ളനോട്ട് നല്‍കി കച്ചവടക്കാരനെ പറ്റിച്ചു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.