കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ മരണം സംഭവിച്ചവരുടെ ആശ്രിതരേയും കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട വ്യാപാരികളേയും സഹായിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരംഭിച്ച ധനശേഖരണം പുരോഗതിയിലേക്ക്.
കഴിഞ്ഞ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരെ സഹായിക്കാന്‍ ഏകോപന സമിതി സര്‍ക്കാരിലേക്ക് 50 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും വ്യാപാരികള്‍ക്ക് ലഭിച്ചില്ല. ഇതുമൂലം വ്യാപാരികള്‍ നേരിട്ടാവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇത്തവണ സഹായങ്ങള്‍ ചെയ്യുക. വീടുകളുടെ നിര്‍മ്മാണത്തിന് വയനാട് ലക്കിടിയില്‍ മൂന്നേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ വ്യാപാരി സംഘടന തീരുമാനിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ലക്ഷ്യമിട്ട് ലക്കിടിയില്‍ വാങ്ങിയ 16 ഏക്കര്‍ സ്ഥലത്തുനിന്നാണ് വീട് നിര്‍മ്മിക്കാന്‍ മൂന്നേക്കര്‍ സ്ഥലം നല്‍കുന്നത്. 15 കോടി സമാഹരിക്കുകയാണ് വ്യാപാരികളുടെ ലക്ഷ്യം. ഇതില്‍ നിന്നും ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അവശേഷിക്കുന്ന തുക ഉപയോഗപ്പെടുത്തി ടൗണ്‍ഷിപ്പും വ്യാപാരികളുടെ പുനരധിവാസവുമാണ് ലക്ഷ്യമിടുന്നത്. കെട്ടിടം നിര്‍മ്മിച്ച് വ്യാപാരികള്‍ക്ക് നല്‍കും. ബിസിനസ് ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ കഴിയുമോ എന്ന് സംഘടന ആലോചിക്കുന്നുണ്ട്.