മാവുങ്കാല്‍: കര്‍ണ്ണാടക സംഗീത ഗുരുവര്യന്‍മാര്‍ വിവിധ രാഗ- താള - ലയങ്ങളുടെ സഞ്ചാര മധുരിമയില്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ പഞ്ചരത്ന കീര്‍ത്തനങ്ങളും ഭാവയാമി രഘുരാമ സംഗീര്‍ത്തനങ്ങളും ആലപിച്ച് കൊടവലം മോഹനം ഗുരുസന്നിധി ഗുരുകുല സംഗീത പഠന കേന്ദ്രത്തിന്‍റെ 3 -ാം വാര്‍ഷികത്തിനും പുരസ്കാര സമര്‍പ്പണ ചടങ്ങുകള്‍ക്കും തുടക്കമായി. കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുരുസന്നിധിയുടെ ആഘോഷങ്ങള്‍ക്ക് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിലാണ് നടക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ശ്രീ ത്യാഗരാജ 'ഘനരാഗപഞ്ചരത്ന കീര്‍ത്തനാപനവും' തുടര്‍ന്ന് മോഹനം ഗുരുസന്നിധി അംഗങ്ങള്‍ നേതൃത്വമരുളിയ ' ഭാവയാമി രഘുരാമം' ശ്രീരാമ കീര്‍ത്തനാര്‍ച്ചയും ഏറെ ശ്രദ്ധേയമായി. ടി.പി. ശ്രീനിവാസന്‍ സംഗീതാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന സാംസ്കാരിക സദസില്‍ വെച്ച് ഈ വര്‍ഷത്തെ നാലാമത് സംഗീത പുരസ്കാരം മൃദംഗ വിദ്വാന്‍ കോഴിക്കോട് എന്‍ ഹരിക്ക് പെരിയ ഗോകുലം ഗോശാല കേന്ദ്രം മഠാധിപതി വിഷ്ണു പ്രസാദ് ഹെബ്ബാര്‍ സമര്‍പ്പിക്കും. തുടര്‍ന്ന് സംഗീത കച്ചേരി നടക്കും.